Connect with us

Ongoing News

മുംബൈയിലെ 'ഡബ്ബാവാല'കള്‍ പ്രതിസന്ധിയില്‍; തണലേകി ഒരു കൂട്ടം സംരംഭകര്‍

Published

|

Last Updated

മുംബൈ | കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്തെ നിരവധി ആളുകളുടെ ഉപജീവന മാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തെരുവുകച്ചവടക്കാരും തട്ടുകട നടത്തുന്നവരുമൊക്കെ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. മുംബൈയിലെ ഡബ്ബാവാലകള്‍ എന്നറിയപ്പെടുന്ന ലഞ്ച് ബോക്‌സ് വിതരണക്കാരുടെ അവസ്ഥയും പരിതാപകരമാണ്. ഓഫീസ് ജീവനക്കാര്‍ക്ക് വീടുകളില്‍ നിന്ന് ഉച്ചഭക്ഷണം തയാറാക്കി എത്തിച്ചുകൊടുക്കുന്നവരാണ് ഈ വിഭാഗം. നഗരത്തില്‍ 130 വര്‍ഷത്തോളമായി മുടങ്ങാതെ പ്രവര്‍ത്തിച്ചുവരുന്ന സംവിധാനമായിരുന്നു ഇത്. ചെറുപ്രായത്തില്‍തന്നെ ഈ ജോലി സ്വീകരിച്ച അനേകം പേരുണ്ട് ഇക്കൂട്ടത്തില്‍. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ ഇവരുടെ അന്നം മുട്ടി. ഓഫീസ് ജോലികള്‍ വീട്ടിലിരുന്ന് ചെയ്യുന്ന രീതിയായപ്പോള്‍ ഡബ്ബാവാലകളുടെ ഉച്ചഭക്ഷണത്തിന് ആളില്ലാതായി.

രണ്ട് ലക്ഷത്തോളം ആളുകള്‍ക്ക് ഡബ്ബാവാലകള്‍ ഉച്ചഭക്ഷണമെത്തിച്ചിരുന്നതായാണ് കണക്കുകള്‍.
അതിനിടെ, ഡബ്ബാവാലകള്‍ക്ക് ആശ്വാസവുമായി ഒരു കൂട്ടം സംരംഭകര്‍ മുന്നോട്ടുവന്നു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളെ പോലെ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി തണലേകുകയാണ് ഇവരുടെ ലക്ഷ്യം. ഏറെ വെല്ലുവിളികളും മത്സരവും നിറഞ്ഞ മേഖലയില്‍ ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരെയാണ് ഡെലിവെറിക്കായി സംരംഭകര്‍ തിരഞ്ഞെടുക്കുന്നത്. നഗരത്തിലെ ചില റെസ്റ്റോറന്റുകാരാണ് ഈ സംരംഭത്തിന് പിന്നില്‍. ഹോട്ടലുകളില്‍ തയാറാക്കുന്ന ഭക്ഷണം ഓര്‍ഡറനുസരിച്ച് ഇവര്‍ വിതരണം ചെയ്യുകയാണ് വേണ്ടത്. ഡബ്ബാവാലകളില്‍ ഒരു വിഭാഗം വിദ്യാസമ്പന്നരല്ല എന്നത് ഇതില്‍ വെല്ലുവിളിയാണ്. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവരില്‍ പലര്‍ക്കും അറിയില്ല. എങ്കിലും പട്ടിണിയില്‍ നിന്ന് രക്ഷനേടാന്‍ കിട്ടിയ ജോലി പരമാവധി ഭംഗിയായി അവര്‍ ചെയ്യുന്നുണ്ടെന്നാണ് സംരംഭകര്‍ പറയുന്നത്. നിലവില്‍ വളരെ ചെറിയൊരു വിഭാഗത്തിനാണ് ജോലി ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഡബ്ബാവാലകള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംരംഭകര്‍.

Latest