Connect with us

National

ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം 'മിയസാക്കി'; 350 ഗ്രാം ഭാരം, കടും ചുവപ്പ് നിറം

Published

|

Last Updated

ജൂലൈ 22 എല്ലാ വര്‍ഷവും ദേശീയ മാമ്പഴ ദിനമായാണ് ആചരിക്കുന്നത്. ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആളുകള്‍ മാമ്പഴം കഴിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നതുതന്നെ.

മിയസാക്കി മാമ്പഴം എന്നറിയപ്പെടുന്ന പ്രത്യേക ഇനമാണ് ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം. അന്താരാഷ്ട്ര വിപണിയില്‍ മിയസാക്കിക്ക് കിലോഗ്രാമിന് 2.70 ലക്ഷം രൂപയാണ് വില. മിയസാക്കി മാമ്പഴത്തിന് “സൂര്യന്റെ മുട്ട” എന്നും വിളിപ്പേരുണ്ട്. ഈ മാമ്പഴങ്ങള്‍ ജപ്പാനിലാണ് ഉണ്ടാകുന്നത്. പ്രധാനമായും ഈ മാമ്പഴം വിളവെടുക്കുന്ന മിയസാക്കി നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

ഓരോ മിയസാക്കി മാങ്ങയ്ക്കും ഏകദേശം 350 ഗ്രാം ഭാരമുണ്ടാകും. ചുവപ്പ് നിറത്തിലുള്ളതും കാഴ്ചയില്‍ ഒരു ദിനോസറിന്റെ മുട്ടയോട് സാമ്യമുള്ളതുമാണ്. കടും ചുവപ്പ് നിറമുള്ള മിയസാക്കി മാമ്പഴങ്ങള്‍ ഡ്രാഗണ്‍ മുട്ടകള്‍ എന്നും അറിയപ്പെടുന്നു.

മധ്യപ്രദേശിലെ സങ്കല്‍പ് പരിഹാര്‍, റാണി എന്ന് പേരുള്ള ദമ്പതികള്‍ ജബല്‍പൂരിലെ തോട്ടത്തില്‍ 2 മിയസാക്കി മാമ്പഴങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴമാണ് ഇതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. തൈകള്‍ നട്ടുപിടിപ്പിച്ചതിനുശേഷമാണ് അതിന്റെ പഴങ്ങളുടെ നിറത്തിലെ വ്യത്യാസം ശ്രദ്ധിച്ചത്. സങ്കല്‍പിന്റെ അമ്മയുടെ പേരായ ദാമിനിയെന്നാണ് മിയസാക്കിയെ അവര്‍ വിളിക്കുന്നത്. തോട്ടത്തില്‍ നിന്നും മോഷ്ടാക്കള്‍ മാമ്പഴം മോഷ്ടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ദമ്പതികള്‍ മാമ്പഴ സംരക്ഷണത്തിനായി 4 സുരക്ഷാ ഉദ്യോഗസ്ഥരെയും ആറ് നായ്ക്കളെയും മാന്തോട്ടത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

ഒരു ബിസിനസുകാരന്‍ മിയസാക്കി മാമ്പഴത്തിന് കിലോയ്ക്ക് 21000 രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആദ്യമായുണ്ടായ മാമ്പഴം ഈശ്വരന് സമര്‍പ്പിക്കുകയാണെന്ന തീരുമാനത്തില്‍ ദമ്പതികള്‍ അദ്ദേഹത്തിന് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.