Connect with us

National

ഓക്സിജന്‍ ക്ഷാമംമൂലം മരണങ്ങളില്ലെന്ന് കേന്ദ്രം; വിമര്‍ശനവുമായി പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി | ഓക്സിജന്‍ ക്ഷാമംമൂലം രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍. സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നോ ഓക്സിജന്‍ ക്ഷാമം മൂലം മരണമുണ്ടായി എന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

മരണ കാരണങ്ങളിലെവിടെയും ഓക്സിജന്‍ ക്ഷാമം എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.
ക്ഷാമമില്ലെങ്കില്‍ ആശുപത്രികള്‍ കോടതികളെ സമീപിച്ചതെന്തിനെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ചോദിച്ചു. സര്‍ക്കാര്‍ ഇങ്ങനെ കൈമലര്‍ത്തുമ്പോള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ എന്ത് പറയുമെന്ന് ശിവസേന ചോദിച്ചു. നുണ പറയുന്നതിന് നിയമ നടപടി സ്വീകരിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

കേന്ദ്ര നിലപാടിനെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കും. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച ദില്ലിയിലെ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പ്രതികരണം, ഹരിയാന, കര്‍ണ്ണാടക, ആന്ധ്ര സര്‍ക്കാരുകള്‍ കേന്ദ്രത്തിന് നല്‍കിയ അപേക്ഷകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുന്നത്.
അതേ സമയം പ്രതിപക്ഷ കക്ഷികള്‍ കൊവിഡ് മരണത്തെ രാഷ്ട്രീയായുധമാക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു.