Connect with us

Kerala

പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്; കാര്യങ്ങള്‍ ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രി: മന്ത്രി എ കെ ശശീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | എന്‍ സി പി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. തനിക്ക് പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ മുഖ്യമന്ത്രി ശ്രദ്ധയോടെ കേട്ടുവെന്നും  കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. തന്നെ മുഖ്യമന്ത്രി വിളിപ്പിച്ചതല്ല, താന്‍ അങ്ങോട്ട് പോയി കണ്ടതാണ്. വനംവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. ഫോണ്‍ വിളി വിവാദത്തില്‍ തന്റെ നിലപാട് ഇന്നലെ വിശദീകരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു.പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്. അതേ സമയം വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.