Connect with us

Articles

കൊങ്കുനാട് വാദവും സംഘ്പരിവാര്‍ അജന്‍ഡകളും

Published

|

Last Updated

രാഷ്ട്രത്തിനായുള്ള സമര്‍പ്പണമാണ് രാഷ്ട്രീയം എന്ന മൂല്യബോധം കാലചക്രത്തിനിടയില്‍ ചതഞ്ഞരഞ്ഞിട്ട് ഏറെയായി. എന്നാല്‍ രാഷ്ട്രീയത്തെ കോര്‍പറേറ്റ് ലാഭക്കണക്കുകള്‍ക്ക് സമാനമായി സമീപിച്ച് തുടങ്ങിയത് അടുത്ത കാലത്താണ്. പ്രാദേശിക പാര്‍ട്ടികളെ ടേക്ക് ഓവര്‍ ചെയ്യുന്നതും പരസ്യമായ കൂറുമാറ്റങ്ങള്‍ സംഘടിപ്പിക്കുന്നതും ഇന്ന് പുതുമയുള്ള കാര്യങ്ങളല്ല. മുന്‍ കാലങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ ധാര്‍മികതയും മൂല്യങ്ങളും ഇന്ന് ചര്‍ച്ച പോലും ചെയ്യപ്പെടുന്നില്ല. ജനാധിപത്യത്തിന്റെ ഗതി നിര്‍ണയിക്കുന്ന പൊതുജനത്തെ വര്‍ഗീകരിച്ച് കമ്പോളവത്കരിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വിജയം കണ്ടതോടെയാണിത് സാധ്യമായത്. വഴങ്ങാത്ത രാഷ്ട്രീയത്തെ വെട്ടിമുറിച്ചും തലവര പോലും മാറ്റിയെഴുതിയും വരുതിക്ക് കൊണ്ടുവരാമെന്നായിട്ടുണ്ട്. കൊങ്കുനാട് വാദം അതിന്റെ പുതിയ സാക്ഷ്യമാണ്.

കര്‍ണാടകയിലെ ചെറിയ മുന്‍തൂക്കമൊഴിച്ചു നിര്‍ത്തിയാല്‍ ദക്ഷിണേന്ത്യ ഇപ്പോഴും ബി ജെ പിക്ക് ബാലികേറാമലയാണ്. വിജയം നേടാന്‍ ഉത്തരേന്ത്യയില്‍ സ്വീകരിക്കുന്ന വിദ്യകള്‍ ദക്ഷിണ ഭാരതത്തില്‍ സ്വീകരിക്കപ്പെടുന്നില്ല. ബി ജെ പി സഖ്യമാണ് തോല്‍വിക്കു കാരണമെന്ന് ആരോപിച്ച് നിരവധി എ ഐ എ ഡി എം കെ നേതാക്കള്‍ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടില്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കരുണാനിധിയും ജയലളിതയും കളമൊഴിഞ്ഞ തമിഴ്‌നാട്ടില്‍ പോലും തങ്ങള്‍ക്ക് പ്രതീക്ഷക്ക് വകയില്ല എന്ന് ബി ജെ പി തിരിച്ചറിഞ്ഞിട്ടുണ്ട്. കൈവിട്ട കളികള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നതതാണ്.

കഴിഞ്ഞ ആഴ്ചയിലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ മൃഗസംരക്ഷണ – ക്ഷീര വികസന – ഫിഷറീസ് സഹമന്ത്രിയായി തമിഴ്‌നാട്ടില്‍ നിന്നുള്ള എല്‍ മുരുകന്‍ സ്ഥാനമേറ്റിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വ്യക്തി വിവരണത്തില്‍ മുരുകനെ കൊങ്കുനാടിന്റെ പ്രതിനിധിയായിട്ട് കൂടി വിശേഷിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് പ്രമുഖ തമിഴ് പത്രം ദിനമലര്‍ കൊങ്കുനാടെന്ന പേരില്‍ പുതിയ കേന്ദ്ര ഭരണ പ്രദേശം രൂപവത്കരിക്കുന്നുവെന്ന വാര്‍ത്തയുമായി പ്രത്യേക പതിപ്പിറക്കി. ഇതോടെ വിവാദത്തിനു തീ പിടിച്ചു.

കൊങ്കുനാടിന്റെ ചരിത്രവും രാഷ്ട്രീയവും
ചേര, ചോള, പാണ്ഡ്യ രാജവംശങ്ങളുടെ ഭൂവായ തമിഴ്നാട്ടിലെ ചേര സാമ്രാജ്യമായാണ് കൊങ്കുനാട് അറിയപ്പെടുന്നത്. എന്നാല്‍ വിവിധ കാലങ്ങളിലായി ഈ മൂന്ന് വംശവും കൊങ്കുനാട് ഭരിച്ചിട്ടുണ്ട്. അവസാനമായി വിജയനഗര, മധുര നായ്ക്ക, ടിപ്പു ആധിപത്യത്തിനു ശേഷം 1799ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി. കേരളത്തിലെ പാലക്കാടിന്റെയും കര്‍ണാടക സംസ്ഥാനത്തെ ചാമരാജ് നഗര്‍ ജില്ലയുടെയും ഭാഗങ്ങള്‍ പഴയ കൊങ്കുനാട്ടിലുണ്ട്. ചിലപ്പതികാരം മുതല്‍ തിരുക്കുറള്‍ വരെയുള്ള പുകള്‍പെറ്റ സംഘകാല തമിഴ് സാംസ്‌കാരിക പൈതൃകം കൊങ്കുനാടിന് സ്വന്തമാണ്. നിലവില്‍ തമിഴ്‌നാടിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, നാമക്കല്‍, ധര്‍മപുരി, നീലഗിരി ജില്ലകളും കരൂര്‍, ഡിണ്ടിഗല്‍, മധുര, കൃഷ്ണഗിരി ജില്ലകളുടെ ഭൂരിപക്ഷ പ്രദേശങ്ങളും ഇതില്‍ പെടും. ഭവാനി, അമരാവതി, കാവേരി, നൊയ്യാല്‍ നദികളുടെ ഈ വൃഷ്ടിപ്രദേശം കാര്‍ഷികമായും വ്യാവസായികമായും ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ മൊത്ത വരുമാനത്തിലെ 45 ശതമാനവും കൊങ്കുനാടിന്റെ സംഭാവനയാണ്.

67 അസംബ്ലി മണ്ഡലങ്ങളും 11 ലോക്‌സഭാ സീറ്റുമുള്ള ഈ പ്രദേശം അണ്ണാ ഡി എം കെയുടെ പരമ്പരാഗത ശക്തികേന്ദ്രമാണ്. തമിഴ്‌നാട്ടില്‍ ആര്‍ എസ് എസിന് കൂടുതല്‍ സാന്നിധ്യമുള്ളതും കൊങ്കുനാട്ടിലെ ജില്ലകളിലാണ്. ബി ജെ പി ജയിച്ച നാലില്‍ രണ്ട് സീറ്റുകള്‍ ഇവിടെ നിന്നാണ്. പുതിയ സംസ്ഥാനമെന്ന പ്രാദേശിക വികാരവും വികസന കുതിച്ചു ചാട്ടത്തിന്റെ പ്രലോഭനവും വേറിട്ട പൈതൃകമെന്ന മിഥ്യാഭിമാനവും കുത്തിവെക്കാനാണ് സംഘ്പരിവാറിന്റെ ശ്രമം. പുതിയ സംസ്ഥാനം അരനൂറ്റാണ്ട് കഴിഞ്ഞ് രൂപവത്കരിച്ചാലും വിഷയം സജീവമാക്കി ധ്രുവീകരണമുണ്ടാക്കി പരമാവധി നേട്ടം കൊയ്യുക എന്നതു തന്നെയാണ് ലക്ഷ്യം. തമിഴ്‌നാട്ടിലെ ജാതീയമായ വേര്‍തിരിവുകളും ദളിത് പീഡനങ്ങളും ദുരഭിമാന കൊലകളും ഏറിയ പങ്കും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഈ മേഖലകളില്‍ നിന്നാണ്.

സ്റ്റാലിനും കേന്ദ്രവും
നീണ്ട കാത്തിരിപ്പിനു ശേഷം ആദ്യമായി മുഖ്യമന്ത്രിയായ സ്റ്റാലിന്‍, മോദിയുടെ നയങ്ങളുമായി സന്ധി ചെയ്ത് വ്യക്തിഗതമായി സുരക്ഷിതനാകാന്‍ ശ്രമിച്ചില്ല എന്നത് വളരെ ശ്രദ്ധേയമാണ്. സ്റ്റാലിന്റെ നയപരമായ ചെറുത്ത് നില്‍പ്പും ധീരമായ നിലപാടുകളും ദേശീയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എന്ന അര്‍ഥത്തില്‍ മധ്യ അരശ് എന്ന് തമിഴില്‍ സംബോധന ചെയ്തിരുന്ന രീതി മാറ്റി, യൂനിയന്‍ സര്‍ക്കാര്‍ എന്ന നിലയില്‍ ഒന്‍ട്രിയ അരശ് എന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലവില്‍ കേന്ദ്രത്തെ അഭിസംബോധന ചെയ്യുന്നത്. ഇതോടെ ഫെഡറല്‍ ഇന്ത്യയുടെ പ്രതീകമായി സ്റ്റാലിന്‍ മാറി. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ, സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2010ല്‍ അറസ്റ്റ് ചെയ്ത മുന്‍ സി ബി ഐ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കന്തസ്വാമിയാണ് പുതിയ തമിഴ്‌നാട് ഡി ജി പിയായി നിയമിതനായത്. ആര്‍ട്ടിക്കിള്‍ 343 ഭേദഗതി ചെയ്ത് ഹിന്ദിയുടെ ഏക ഔദ്യോഗിക ഭാഷാ പദവി നീക്കം ചെയ്യണമെന്നും എട്ടാം ഷെഡ്യൂളിലെ മുഴുവന്‍ ഭാഷകളെയും ഔദ്യോഗികമാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കാന്‍ കത്തുനല്‍കിയ ആദ്യ മുഖ്യമന്ത്രിമാരിലൊരാളും സ്റ്റാലിനായിരുന്നു. സ്ത്രീകളെയും അബ്രാഹ്മണരെയും ക്ഷേത്ര പൂജാരികളാക്കാനുള്ള നിയമത്തിനെതിരായ എല്ലാ എതിര്‍പ്പുകളെയും തമിഴ്‌നാട് സര്‍ക്കാര്‍ അവഗണിച്ചു മുന്നോട്ട് നീങ്ങുന്നു. തമിഴ്‌നാട്ടിലെ സി ബി എസ് ഇ എട്ടാം ക്ലാസ്സ് ഹിന്ദി പാഠപുസ്തകത്തിലുള്ള, കാവിയണിഞ്ഞ് രുദ്രാക്ഷവും തിലകവും ചാര്‍ത്തി നില്‍ക്കുന്ന തിരുവള്ളുവരുടെ ചിത്രം മാറ്റി ശുഭ്രവസ്ത്രധാരിയായി അദ്ദേഹത്തിന്റെ ചിത്രം പുനരവതരിപ്പിച്ചു. കോയമ്പത്തൂര്‍ കാര്‍ഷിക യൂനിവേഴ്‌സിറ്റി ലൈബ്രറിയിലെ സമാനമായ പോസ്റ്ററിലും മാറ്റം വരുത്തി. തമിഴ് കവിയും താത്വികനും നാസ്തികനുമായിരുന്ന തിരുവള്ളുവര്‍ ഇന്നും തമിഴരുടെ വികാരമാണ്. സ്വന്തമായി വാക്‌സീന്‍ നിര്‍മിക്കാനുള്ള നീക്കങ്ങളും തൂത്തുക്കുടി വെടിവെപ്പില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി പ്രഖ്യാപനങ്ങളുമെല്ലാം സ്റ്റാലിനെ മോദി ഭരണത്തിന്റെ വലിയ എതിരാളിയാക്കി.
ഇന്ത്യയിലെ പ്രാദേശിക കക്ഷി നേതാക്കളില്‍ മിക്കവരും വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയം പുലര്‍ത്തുന്നവരാണ്. എന്നാല്‍ സ്വന്തം സംസ്ഥാനത്തേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്ന സംഘ്പരിവാറിനെ ചെറുക്കേണ്ടത് ഓരോ തമിഴനെയും ആശയപരമായി സജ്ജമാക്കിക്കൊണ്ടു വേണം എന്ന് സ്റ്റാലിന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊങ്കുനാട് സംസ്ഥാനം ഏട്ടിലെ പശുവായി അവശേഷിച്ചാലും ആ ചൂണ്ടയില്‍ കുരുങ്ങാനിടയുള്ള ചുരുക്കം പേരെയെങ്കിലും നേടുക എന്ന ലക്ഷ്യം തന്നെയാണ് ബി ജെ പിയെ നയിക്കുന്നത്. വെള്ളാളകൗണ്ടര്‍, അരുന്ധതിയാര്‍, വണ്ണിയര്‍ വിഭാഗങ്ങളുമായി ആശയവിനിമയം നടത്താന്‍ ബി ജെ പി ഉപസമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. തമിഴ് രാഷ്ട്രീയത്തിലെ ഭൂരിഭാഗം പേരും, തമിഴ്‌നാടും കടന്ന് ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ്, ജപ്പാന്‍, മ്യാന്‍മര്‍ തുടങ്ങി വിവിധ കോണുകളില്‍ വ്യാപിച്ചു കിടക്കുന്ന തമിഴന്റെ പുനരേകീകരണവും സാഹോദര്യ സ്വപ്നങ്ങളും താലോലിക്കുന്നവരാണ്. അവിടെ വിഘടനവുമായി കടന്നു വരുന്ന ബി ജെ പി, അണ്ണാ ഡി എം കെയെപ്പോലും ഭീതിയിലാഴ്ത്തുന്നുണ്ട്. കൊങ്കുനാടിനെതിരെ മുഴുവന്‍ ബി ജെ പിയിതര കക്ഷികളും രംഗത്തു വന്നത് അതാണ് തെളിയിക്കുന്നത്. വെടക്കാക്കി തനിക്കാക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള ബി ജെ പിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള ശേഷി തമിഴനുണ്ട് എന്നു തന്നെയാണ് ജനാധിപത്യ ഇന്ത്യ വിശ്വസിക്കുന്നത്.
(ലേഖകന്‍ കെ പി സി സി സെക്രട്ടറിയാണ്)

Latest