Connect with us

Editorial

ദുരുപയോഗം ഒരു നിയമത്തിലും അരുത്

Published

|

Last Updated

സുപ്രീം കോടതിയുടെ ഇടപെടല്‍ ഫലം ചെയ്തിരിക്കുന്നു. ഐ ടി നിയമത്തിലെ റദ്ദാക്കിയ 66 എ വകുപ്പ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് ഉത്തരവ് ഇറക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ വകുപ്പ് ചേര്‍ത്ത് കേസെടുക്കുന്നത് അവസാനിപ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെടണമെന്നും റദ്ദാക്കിയ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ അപകീര്‍ത്തികരമായ അഭിപ്രായപ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 66 എ വകുപ്പ്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളതും പോലീസിന് സ്വന്തം കുറ്റം നിശ്ചയിച്ച് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നതുമായ ഈ വകുപ്പ്, രാജ്യത്തെ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ഭരണഘടനാവിരുദ്ധവുമാണെന്ന് കണ്ട് 2015ല്‍ സുപ്രീം കോടതി റദ്ദാക്കിയതാണ്. ശിവസേനാ നേതാവ് ബാല്‍താക്കറെയുടെ മരണത്തെ തുടര്‍ന്ന് മുംബൈ നഗരം സ്തംഭിപ്പിച്ചതിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശഹീന്‍ ധാട, റിനു ശ്രീനിവാസ എന്നിവരെ അറസ്റ്റ് ചെയ്തതിനെതിരെ സാമൂഹിക പ്രവര്‍ത്തക ശ്രേയ സിന്‍വാള്‍ നല്‍കിയ ഹരജിയിലായിരുന്നു അന്നത്തെ സുപ്രീംകോടതി വിധി. ഒരാളെ കമന്റ് ഇട്ടതിനും മറ്റൊരാളെ അത് ലൈക് ചെയ്തതിനുമാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ വകുപ്പുകള്‍ ആവശ്യമാണെന്നും 66 എ വകുപ്പ് റദ്ദാക്കരുതെന്നും കേന്ദ്രം വാദിച്ചെങ്കിലും ജസ്റ്റിസ് അല്‍തമസ് കബീര്‍, ജസ്റ്റിസ് ജെ ചെലമേശ്വര്‍ എന്നിവര്‍ അടങ്ങുന്ന കോടതി ബഞ്ച് അത് തള്ളി. രാജ്യ സുരക്ഷക്ക് ഈ വകുപ്പിന്റെ ആവശ്യമില്ലെന്നും ഇപ്പേരില്‍ വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തെ തടയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

എന്നാല്‍ സുപ്രീം കോടതി റദ്ദാക്കിയ ശേഷവും പല സംസ്ഥാനങ്ങളിലും 66 എ വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്നത് പോലീസ് തുടര്‍ന്നു വന്നു. വിചാരണാ കോടതികളില്‍ പോലും 66 എ വകുപ്പ് ഉപയോഗിക്കപ്പെട്ടു. 2021 മാര്‍ച്ച് 10 വരെയുള്ള കണക്കനുസരിച്ച് 66 എ ചുമത്തിയ 745 കേസുകള്‍ കോടതികള്‍ക്ക് മുന്നിലുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ, ജസ്റ്റിസുമാരായ ആര്‍ നരിമാന്‍, കെ എം ജോസഫ്, ബി ആര്‍ ഗവായി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച്, റദ്ദാക്കപ്പെട്ട വകുപ്പ് ഉപയോഗിച്ച് രാജ്യത്ത് നൂറുക്കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഞെട്ടലും നിരാശയും രേഖപ്പെടുത്തുകയും 66 എ വകുപ്പ് ഉപയോഗിച്ച് കേസെടുക്കരുതെന്ന് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാറിന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. രണ്ടാഴ്ചക്കകം കേന്ദ്രം മറുപടി നല്‍കണമെന്നും എന്തുചെയ്യാന്‍ കഴിയുമെന്ന് നോക്കട്ടെയെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കോടതിയുടെ ഈ ഭീഷണ സ്വരത്തിലുള്ള ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ ഇതുകൊണ്ടായില്ല. റദ്ദാക്കപ്പെട്ട വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്നത് മാത്രമല്ല, നിയമങ്ങളുടെ ദുരുപയോഗം രാജ്യത്ത് വേറെയുമുണ്ട് ധാരാളം. ആരോഗ്യപരമായ വിമര്‍ശങ്ങളെയും സര്‍ക്കാര്‍ നയങ്ങളോടുള്ള വിയോജിപ്പുകളെയുമെല്ലാം രാജ്യദ്രോഹമാക്കി കേസെടുക്കുന്നത് സാര്‍വത്രികമാണ്. സുപ്രീം കോടതി ജഡ്ജിമാരടക്കം ഒട്ടനേകം നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷണര്‍ വരെയും ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ഇതവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിമര്‍ശങ്ങളെ ഭയപ്പെടുന്നവരാണ് ഇന്നത്തെ അധികാരി വര്‍ഗം പൊതുവെ. സ്തുതി ഗീതങ്ങളല്ലാതെ ഭരണത്തിലെ അപാകതകളും പോരായ്മകളും ചൂണ്ടിക്കാട്ടുന്നത് അവര്‍ക്ക് അസഹനീയമാണ്. അത്തരം വിമര്‍ശങ്ങളെ രാജ്യദ്രോഹമായി ദുര്‍വ്യാഖ്യാനിക്കുന്നു. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷദ്വീപില്‍ നിന്നുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തക ആഇശ സുല്‍ത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം. ദ്വീപിലെ കൊവിഡ് നിയന്ത്രണത്തില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേല്‍ പ്രഖ്യാപിച്ച ഇളവുകളെ വിമര്‍ശിച്ചതിനാണ് അവരെ വേട്ടയാടുന്നത്. സന്പർക്ക വിലക്ക് നിയമങ്ങള്‍ ലംഘിച്ചതായി വ്യാജാരോപണം ഉന്നയിച്ചും സാമ്പത്തിക ഇടപാടുകളും ഫോണ്‍ കോള്‍ വിവരങ്ങളും പരിശോധിച്ചും നിരന്തരം അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് ഭരണകൂടം. നിയമങ്ങളുടെ ഇത്തരം ദുരുപയോഗത്തിനും അറുതി വരുത്തേണ്ടതുണ്ട്.

അധികാരി വര്‍ഗത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതി പല തവണ താക്കീത് ചെയ്യുകയും രാജ്യദ്രോഹ നിയമത്തെ വിശാലമായ തലത്തില്‍ പരിശോധിച്ച് വ്യാഖ്യാനിച്ചാല്‍ അതിന് ഭരണഘടനാപരമായി നിലനില്‍പ്പുണ്ടാകില്ലെന്ന് വരെ ഓര്‍മിപ്പിക്കുകയും ചെയ്തിട്ടുണ്ട്. “തടി മുറിക്കാനായി നല്‍കിയ വാളുകൊണ്ട് വനം മുഴുവന്‍ മുറിച്ചു മാറ്റുന്ന മരപ്പണിക്കാരനോ”ടാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി രാജ്യദ്രോഹ നിയമത്തെ ഉപമിച്ചത്. ബ്രിട്ടീഷ് കോളനി കാലത്തേതാണ് ഇന്ത്യയിലെ രാജ്യദ്രോഹ നിയമം. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിരിക്കെ ഈ നിയമം ഇപ്പോഴും ആവശ്യമാണോ എന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉള്‍പ്പെട്ട ബഞ്ച് ചോദിച്ചു. രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ ഹരജിയുടെ പരിഗണനാ വേളയിലായിരുന്നു കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും വിമര്‍ശിക്കാന്‍ ഈ നിയമം വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കോടതിക്ക് ഇത്രയും ശക്തമായ ഭാഷയില്‍ പറയേണ്ടി വന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ആവശ്യം വേണ്ട അഭിപ്രായ പ്രകടനം പോലും പൗരന്മാരെ കോടതി കയറ്റുമ്പോള്‍ അട്ടിമറിക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യമാണെന്ന ബോധ്യം കോടതിക്കൊപ്പം ഭരണകൂടങ്ങള്‍ക്കു കൂടി വേണം.

Latest