Connect with us

International

തട്ടിക്കൊണ്ടുപോയ മകനെ പിതാവ് കണ്ടെത്തി; പിന്നിട്ടത് 24 വര്‍ഷം, 500,000 കി. മീറ്റര്‍

Published

|

Last Updated

ബീജിങ് | തട്ടിക്കൊണ്ടുപോയ മകനെ 24 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ദമ്പതികള്‍. 1997-ല്‍ ഗുവോ ഗാങ്ടാങിന്റെ മകന് രണ്ട് വയസുള്ളപ്പോഴാണ് സംഭവം നടന്നത്. പോലീസില്‍ വിവരമറിയിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. തുടര്‍ന്ന് പിതാവ് അവനെ തേടി യാത്രയാരംഭിച്ചു. മകന്റെ ചിത്രമുള്ള ബാനര്‍ ബൈക്കിനു പിറകില്‍ സ്ഥാപിച്ചും ഫോട്ടോ പതിപ്പിച്ച ലഘുലേഖകള്‍ വിതരണം ചെയ്തും ചൈനയുടെ എല്ലാ പ്രവിശ്യകളിലും യാത്രചെയ്തു. 24 വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം കിലോ മീറ്റര്‍ ദൂരമാണ് ബൈക്കില്‍ സഞ്ചരിച്ചത്. ഇതിനിടെ പത്ത് ബൈക്കുകള്‍ മാറി ഉപയോഗിക്കേണ്ടി വന്നു. കുറേ തവണ വാഹനം മോഷണം പോയി. രണ്ടു പ്രാവശ്യം അപകടത്തില്‍ പരുക്കേറ്റു.

മകനെ കാണാതായതോടെ ഗുവോയുടെ ജീവിതമാകെ മാറിമറിഞ്ഞിരുന്നു. 90 കിലോ ഉണ്ടായിരുന്ന തൂക്കം 60 ആയി കുറഞ്ഞു. ഒറ്റ മാസം കൊണ്ട് മുടി മുഴുവന്‍ നരച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും പിന്മാറാതെ അദ്ദേഹം യാത്ര തുടര്‍ന്നു. ജീവിത സമ്പാദ്യം മുഴുവന്‍ മകനെ തിരഞ്ഞുള്ള യാത്രയില്‍ ഇല്ലാതായി. ഈ യാത്ര പിന്നീട് ചൈനയിലെ വാര്‍ത്തകളില്‍ ഇടം നേടി. ഗുവോയുടെ കഥ 2015-ല്‍ ലോസ്റ്റ് ആന്‍ഡ് ലവ് എന്ന പേരില്‍ സിനിമയായും പുറത്തിറങ്ങി.
പിന്നീട് മകനെ കണ്ടെത്തുന്നതിനായി ഗുവോ ഗാങ്ടാങ് ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. കുട്ടികളെ നഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കി. വെബ്സൈറ്റില്‍ ആളുകള്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ ഇതുവഴി സാധിച്ചു. തട്ടിക്കൊണ്ടുപോയ മക്കളുള്ള മാതാപിതാക്കളുടെ ഒരു സംഘടനയും അദ്ദേഹം രൂപവത്ക്കരിച്ചു. ഗുവോ കെടുക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ചൈനീസ് പോലീസിന് തട്ടിക്കൊണ്ടുപോയ നൂറിലധികം കുട്ടികളെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ചൈനയില്‍ 20,000 കുട്ടികളെ വരെ തട്ടിക്കൊണ്ടുപോവുന്ന സ്ഥിതിയുണ്ട്.

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ ടാങ് എന്ന സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസിന് വിവരം ലഭിച്ചു. ബസ് സ്റ്റേഷനില്‍ കാത്തുനിന്ന ഭര്‍ത്താവ് ഹു വിനൊപ്പം കുട്ടിയുമായി ട്രെയിനില്‍ ഹെനാന്‍ പ്രവിശ്യയിലേക്കാണ് സ്ത്രീ പോയത്. അവിടെയുള്ള ഒരു കുടുംബത്തിന് കുട്ടിയെ വിറ്റു. മകനെ വാങ്ങിയ കുടുംബം അവനെ കഷ്ടപ്പാടൊന്നും അറിയിക്കാതെയാണ് വളര്‍ത്തിയതെന്ന് പോലീസ് മനസ്സിലാക്കി. കഴിഞ്ഞ ഞായറാഴ്ച ഷാന്‍ഡോങിലെ ലിയോചെങ്ങിലുള്ള വീട്ടില്‍ ചെന്ന് ഗുവോയും ഭാര്യയും മകനെ കണ്ടു. പോലീസ് നടത്തിയ ഡി എന്‍ എ പരിശോധനയില്‍ കുട്ടി ഗുവോയുടെ മകന്‍ തന്നെയാണെന്ന് വ്യക്തമായി. കുട്ടിയെ തട്ടിക്കൊണ്ടുപോയി വിറ്റ ദമ്പതികള്‍ ഇതിനിടെ അറസ്റ്റിലാകുകയും ചെയ്തു. 26 വയസ്സുള്ള മകനിപ്പോള്‍ ബിരുദ വിദ്യാര്‍ഥിയാണ്.

---- facebook comment plugin here -----

Latest