Connect with us

Fact Check

#FACTCHECK: ഹിന്ദു ആചാരങ്ങള്‍ അവസാനിപ്പിച്ച് മുസ്ലിം ആരാധന നടത്തണമെന്ന് ഗുജറാത്തില്‍ എ എ പിയുടെ പരസ്യമോ?

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടി (എ എ പി) റോഡരികില്‍ സ്ഥാപിച്ച പരസ്യബോര്‍ഡിനെ മുന്‍നിര്‍ത്തി വലിയ വര്‍ഗീയ പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്നത്. ഹിന്ദു ആചാരങ്ങള്‍ ഉപേക്ഷിച്ച് മുസ്ലിം ആരാധന ആരംഭിക്കണമെന്നാണ് പരസ്യപ്പലകയിലുള്ളതെന്ന് പ്രചരിക്കപ്പെടുന്നു. ഇതിലെ സത്യാവസ്ഥയറിയാം:

പ്രചാരണം: എ എ പിയുടെ ഗുജറാത്ത് പ്രസിഡന്റ് ഗോപാല്‍ ഇതാലിയയുടെ ഫോട്ടോയുള്ള പരസ്യപ്പലകയിലെ എഴുത്ത് ഇങ്ങനെയാണ്: ഗുജറാത്ത് ഇനി നിസ്‌കാരം നിര്‍വഹിക്കാന്‍ തുടങ്ങുകയും ഭഗവത് സപ്താഹ, സത്യനാരായണ്‍ കഥ പോലുള്ളവ മറക്കുകയും ചെയ്യും. പരസ്യബോര്‍ഡിലെ ഗോപാല്‍ ഇതാലിയയുടെ ഫോട്ടോ മുസ്ലിമിനെ പോലെയാണുള്ളത് (ട്വിറ്റര്‍ പ്രചാരണത്തില്‍ നിന്ന്).

വസ്തുത: പ്രചരിക്കുന്ന എ എ പിയുടെ പരസ്യബോര്‍ഡ് മോര്‍ഫ് ചെയ്തതാണ്. എ എ പി പ്രസിഡന്റിന്റെ ഫോട്ടോയും എഴുത്തുമാണ് മോര്‍ഫ് ചെയ്തത്. “ഇനി മുതല്‍ ഗുജറാത്ത് മാറും” എന്നാണ് എ എ പി യഥാർഥത്തിൽ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളിലുള്ളത്. ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ എ എ പിയുടെ പരസ്യബോര്‍ഡുകള്‍ കാണാം. ഗോപാൽ ഇതാലിയയുടെ ഫോട്ടോയിൽ താടിയും തലപ്പാവും ചേർക്കുകയായിരുന്നു. ഇറാഖിലെ കുർദിഷ് നേതാവ് മുല്ല ക്രെകറിന്റെ ഫോട്ടോയാണ് ഇതിന് ഉപയോഗിച്ചത്.


കൃത്രിമം ചെയ്ത് വര്‍ഗീയ ലക്ഷ്യത്തോടെയുള്ള പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ എ പി അറിയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ബി ജെ പിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താനുള്ള ശ്രമത്തിലാണ് എ എ പി. മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് എ എ പി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest