Kerala
കേരളത്തിലെ വ്യാവസായിക വകുപ്പ് പൊട്ടക്കിണറ്റില്‍ വീണ തവള: സാബു ജേക്കബ്

കൊച്ചി | കേരളത്തിലെ വ്യാവസായിക വകുപ്പ് പൊട്ടക്കിണറ്റില്‍ വീണ തവളയാണെന്ന് ആക്ഷേപിച്ച് കിറ്റെക്സ് എം ഡി. സാബു ജേക്കബ്. ഇതര സംസ്ഥാനങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് കേരളത്തിലെ സര്‍ക്കാറോ ഉദ്യോഗസ്ഥന്മാരോ അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകത്തിന്റെ കാലമൊക്കെ എന്നോ കഴിഞ്ഞു. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ സാബു ജേക്കബ് വ്യക്തമാക്കി.
തെലങ്കാനയില്‍ ആനുകൂല്യങ്ങളുടെ പെരുമഴയാണ്. ടെക്സ്‌റ്റൈല്‍സിനു വേണ്ടി മാത്രമായിട്ടൊരു വ്യവസായിക പാര്‍ക്കാണ് തെലങ്കാനയിലേത്. കാക്കാത്തിയ മെഗാ ടെക്സ്‌റ്റൈല്‍ പാര്‍ക്ക് എന്നാണ് പേര്. ഏകദേശം 1200 ഏക്കര്‍ സ്ഥലത്താണ് ഇത് വ്യാപിച്ച് കിടക്കുന്നത്. ഇതിന് പുറമെ ചന്തന്‍വള്ളി ഇന്ഡസ്ട്രിയല്‍ പാര്‍ക്ക് എന്ന ജനറലായിട്ടുള്ളൊരു ഇന്റസ്ട്രിയല്‍ പാര്‍ക്കും. ഈ രണ്ട് പാര്‍ക്കുകളും 1200 ഏക്കറോളമുണ്ട്.
കേരളത്തിലേതില്‍ നിന്നും വ്യത്യസ്തമായി തെലങ്കാനയില്‍ അടിസ്ഥാന സൗകര്യങ്ങള്‍, റോഡ് സൗകര്യം, വെള്ളത്തിനുള്ള സജ്ജീകരണങ്ങള്‍, വൈദ്യുതി തുടങ്ങിയവ ആധുനികമായി നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ഥലത്തിന്റെ വില വളരെ കൂടുതലാണ്. തെലങ്കാനയില്‍ പത്ത് ശതമാനം മാത്രമാണ് സ്ഥലത്തിന്റെ വില. അതു തന്നെ ഒരു നിക്ഷേപകനെ സംബന്ധിച്ച് വലിയ കാര്യമാണ്.
വേദനയോടെയാണ് കേരളം വിടുന്നതെന്നും കിറ്റെക്‌സ് എം ഡി പറഞ്ഞു. കേരളമാണ് ഞങ്ങളെ വളര്‍ത്തിയത്. എന്നാല്‍, ഇവിടെ 53 വര്‍ഷം നടത്തിയ പ്രയത്നം മറ്റൊരു സംസ്ഥാനത്ത് ആയിരുന്നെങ്കില്‍ കമ്പനി ഇപ്പോഴുള്ളതിന്റെ 30 ഇരട്ടി വളരുമായിരുന്നു. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കും.ആദ്യഘട്ടത്തില്‍ 1000 കോടി മുതല്‍മുടക്കിയുള്ള പദ്ധതി തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.