Connect with us

Kerala

കേരളത്തില്‍ ഇനിയൊരിക്കലും ഒരു രൂപ പോലും മുതല്‍മുടക്കില്ല: കിറ്റെക്‌സ് എം ഡി

Published

|

Last Updated

കൊച്ചി | കേരളത്തില്‍ വ്യവസായത്തിന് ഇനിയൊരിക്കലും ഒരു രൂപ പോലും മുതല്‍മുടക്കില്ലെന്ന് കിറ്റെക്‌സ് എം ഡി. സാബു ജേക്കബ്. തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിക്ക് ശേഷം കൊച്ചിയില്‍ തിരികെയെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജകീയ സ്വീകരണമാണ് തെലങ്കാനയില്‍ ലഭിച്ചതെന്നും ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപ മുതല്‍മുടക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു. ഇതിനായുള്ള ഉറപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ബാക്കി കാര്യങ്ങള്‍ തീര്‍പ്പാക്കും. അതിന് ശേഷമായിരിക്കും കൂടുതല്‍ നിക്ഷേപം വേണമോ എന്നതുള്‍പ്പെടെ ആലോചിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമായും രണ്ട് പാര്‍ക്കുകളാണ് തെലങ്കാനയില്‍ കണ്ടത്. ഒന്ന് ടെക്‌സ്റ്റൈല്‍സിന് വേണ്ടിയുള്ളതും മറ്റേത് ജനറല്‍ പാര്‍ക്കുമാണ്. രണ്ടു തവണ തെലങ്കാന വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി അവസാന വട്ട ചര്‍ച്ച നടത്തിയ ശേഷമാണ് തെലങ്കാനയില്‍ നിന്ന് മടങ്ങിയെത്തിയതെന്നും കിറ്റെക്‌സ് എം ഡി പറഞ്ഞു.

വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നതെന്നും എറണാകുളത്തെ എം എല്‍ എമാരാണ് തുറന്നുതന്നതെന്ന് അവരെ രൂക്ഷമായി വിമര്‍ശിക്കവേ സാബു ജേക്കബ് പറഞ്ഞു. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എം എല്‍ എയോടാണ്. കൂടാതെ എറണാകുളം ജില്ലയില്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് എം എല്‍ എമാരും ഒരു എം പിയുമുണ്ട്. വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നും ഇവരാണ് കാണിച്ചുതന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം എന്ത് പറഞ്ഞാലും മറുപടി പറയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

തെലങ്കാനയില്‍ താന്‍ നിക്ഷേപിക്കുന്നതുകൊണ്ട് കേരളത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ച ചെയ്യാന്‍ തയാറാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ അതിനെതിരേ പോരാടാം. പക്ഷേ നമ്മുടെ ജീവിതം എന്തിനാണ് അതിന് വേണ്ടി മാറ്റിവെക്കുന്നതെന്നും സാബു ജേക്കബ് ചോദിച്ചു.

---- facebook comment plugin here -----

Latest