Kerala
ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ സ്ഥലത്ത് എത്തിച്ച് കൃത്യം പുനരാവിഷ്‌കരിച്ചു

ഇടുക്കി | വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും പ്രതിയുമായെത്തി എസ്റ്റേറ്റില്‍ തെളിവെടുപ്പ്. സംഭവ സ്ഥലത്ത് കൊലപാതകം നടത്തിയത് പുനരാവിഷ്‌കരിച്ചു. അന്വേഷണ സംഘം പ്രതിയുമായെത്തിയതോടെ നാട്ടുകാര്‍ രോഷാകുലരായാണ്പ്രതികരിച്ചത്. ലയത്തില്‍ താമസക്കാരായ പതിനൊന്ന് കുടുബങ്ങള്‍ക്കും പ്രിയപ്പെട്ടതായിരുന്നു മരിച്ച പെണ്‍കുട്ടി. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മര്‍ദനമേറ്റ സാഹചര്യവുമുണ്ടായി. വളരെ പണിപ്പെട്ടാണ് പോലീസ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
ജൂലൈ 13ന് പ്രതി അര്‍ജുന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. കൊലപാതകം എങ്ങനെ നടത്തിയെന്നതില്‍ വ്യക്തത വരുത്താനാണ് സംഭവം പുനരാവിഷ്‌കരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അഴിയില്ലാത്ത ജനല്‍ വഴിയാണ് പ്രതി പുറത്തേക്ക് ഇറങ്ങിയത്. മുന്‍ വാതില്‍ അടക്കുകയും ചെയ്തു. കുട്ടി കളിക്കുന്നതിനിടയില്‍ സംഭവിച്ച സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. മൂന്നാംതവണയാണ് പോലീസ് പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തുന്നത്.