Kerala
അച്ചന്‍കോവിലാറ്റില്‍ ആനകളുടെ ജഡം ഒഴുകുന്നു


അച്ചന്‍കോവിലാറിലൂടെ ആനകളുടെ ജഡം ഒഴുകി പോകുന്നു
കോന്നി | അച്ചന്‍കോവിലാറ്റിലൂടെ ഒഴുകിയെത്തിയ ആനകളുടെ ജഡം കണ്ടെത്താന്‍ വനം വകുപ്പ് നടപടി തുടരുന്നു. രാവിലെ 8.15ഓടെയാണ് നടുവത്ത് മൂഴി വനം റെയിഞ്ചിലെ കല്ലേലി വയക്കരയില്‍ ഒരു കൊമ്പന്‍ ആനയുടെയും രണ്ടു കുട്ടിയാനകളുടെയും ജഡം നദിയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു.
ഞണവാല്‍ വനം ചെക്ക് പോസ്റ്റ് കടവ് കടന്നു പോയ ജഡം അര്‍ത്തകണ്ടന്‍ മൂഴി കടവിന് മുകളില്‍ വെച്ചു വെള്ളത്തില്‍ താണുപോയിരിക്കാം എന്നാണ് വനപാലകര്‍ പറയുന്നത്. അരുവാപ്പുലം കടവിന് താഴെയും കൊടിഞ്ഞിമൂല കടവിലും നദിയ്ക്ക് കുറുകെ ബണ്ട് കെട്ടിയിട്ടുണ്ട്. ഇതില്‍ തടഞ്ഞു നില്‍ക്കുവാനും സാധ്യത ഉണ്ട് . നദിയില്‍ അടിഞ്ഞ ആനകളുടെ ജഡം പൊങ്ങുവാന്‍ രണ്ടു ദിവസമെങ്കിലും എടുക്കും. നദിയുടെ ഇരു ഭാഗവും ഇഞ്ചമുള്‍ ഉള്ളതിനാല്‍ ഇതില്‍ തടഞ്ഞു കിടക്കാനും സാധ്യത ഉണ്ട്.
നദിയുടെ ഇരു ഭാഗവും പരിശോധിച്ചാല്‍ ജഡം കണ്ടെത്താന്‍ സാധിക്കുമെന്ന നിലപാടിലാണ് വനപാലകര്‍. ആനകള്‍ എങ്ങനെ ചരിഞ്ഞതാണെന്ന കാര്യത്തിലും വ്യക്തതയില്ല. ഒഴുക്കില്‍ പെട്ട കുട്ടിയാനകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൊമ്പനും ഒഴുക്കില്‍പ്പെട്ടതാവാം. ഇതു സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ആനകളുടെ ജഡം ഒഴുകി വരുന്നത് അറിഞ്ഞ ആളുകള്‍ അരുവാപ്പുലം മുതല്‍ പന്തളം വരെയുള്ള കടവുകളില്‍ തടിച്ചു കൂടിയിരുന്നു.