Kerala
സംസ്ഥാനത്ത് സിക്ക വൈറസ് വ്യാപനം അപത്രീക്ഷിതമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് സിക്ക വൈറസ് വ്യാപനം അപ്രതീക്ഷിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡങ്കി, ചിക്കുന്‍ ഗുനിയ, തുടങ്ങിയ വൈറസ് രോഗങ്ങളെ പോലെ ഈഡിസ് ഈജിപ് തൈ, ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. കേരളത്തില്‍ ഈഡിസ് ഈജിപ്‌തൈ കൊതുക് സാന്ദ്രത വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുരുതരമായ രോഗമല്ലെങ്കിലും സിക രോഗത്തിന്റെ പ്രധാനപ്രശ്‌നം ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതാണ്. അപൂര്‍വ്വമായി സുഷുമ്‌ന നാഡിയെ ബാധിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം സിക രോഗികളില്‍ കണ്ടിട്ടുണ്ട്. കേരളത്തില്‍ സിക കണ്ടെത്തിയ വനിത പ്രസവിച്ച കുട്ടിയില്‍ ആരോഗ്യപ്രശ്‌നമൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകള്‍ വളരുന്നത്. ഇത്തരം കൊതുകുകള്‍ അധികദൂരം പറക്കാറില്ല. അതുകൊണ്ട് വീടുകളുടെ പരിസരത്ത് തന്നെയുണ്ടാവും. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടതുണ്ട്. കൊതുക് പെറ്റ് പേരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കലാണ് പ്രധാനമായും വേണ്ടത്. വീട്ടിലും പരിസരത്തിലും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിര്‍ബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണം.
കൊതുകു വല ഉപയോഗിച്ചും, ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും, കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയില്‍ നിന്നും രക്ഷ തേടേണ്ടതാണ്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഈ കൊതുകള്‍ വീട്ടിലേക്ക് കടന്ന് മനുഷ്യരെ കടിക്കുന്നത്. വൈകുന്നേരം മുതല്‍ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാനോ, തുറന്നിടുകയാണെങ്കില്‍ കൊതുകുവലകള്‍ ഉപയോഗിച്ച് മറയ്ക്കാനോ ശ്രമിക്കേണ്ടതാണ്.
പ്രാണീ ജന്യ രോഗനിയന്ത്രണത്തിനായി ഹെല്‍ത്ത് സര്‍വീസസിന്റെ കീഴില്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ചേര്‍ത്തലയിലും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ ട്രോളിന്റെയും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്‌സെന്ററിന്റെ സഹായവും കൊതുക് നിയന്ത്രണത്തിനായി പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.