Connect with us

Kerala

രാജീവ് ചന്ദ്രശേഖറിനു മന്ത്രി പദവി; കേരളത്തിലെ ബി ജെ പിക്കും വി മുരളീധരനും തിരിച്ചടി

Published

|

Last Updated

കോഴിക്കോട് | രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ അഴിച്ചുപണിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖരന്‍ കേന്ദ്ര മന്ത്രിയായത് കേരളത്തിലെ ബി ജെ പിക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനും തിരിച്ചടി. വി മുരളീധരന്‍ സ്വതന്ത്ര ചുമതലക്കായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് മറ്റൊരു മലയാളി കനപ്പെട്ട വകുപ്പുകളുമായി മന്ത്രിസഭയില്‍ എത്തുന്നത്. മന്ത്രിസഭാ വികസന ചര്‍ച്ചകളില്‍ മുരളീധരന്റെ അടുപ്പക്കാരനായ കര്‍ണാടകയില്‍ നിന്നുള്ള സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് തുടക്കം മുതല്‍ ഇടപെട്ടതിനാല്‍ മുരളീധരന് സ്ഥാനം നഷ്ടപ്പെടാതെ കാത്തുക്ഷിക്കാന്‍ കഴിഞ്ഞു എന്നാണു വിവരം.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായ കനത്ത തോല്‍വിയും തെരഞ്ഞെടുപ്പ് ഫണ്ടിന്റെ മറവില്‍ നടന്ന കുഴല്‍പ്പണ ഇടപാടുകളും മുരളീധരന് തിരിച്ചടിയായി. സ്ഥാനക്കയറ്റം ഇല്ലെങ്കിലും വി മുരളീധരന്‍ വിവിദേശ പാര്‍ലമെന്ററികാര്യ സഹമന്ത്രിയായി തുടരും.

കേരളത്തില്‍ ബി ജെ പി രാജീവ് ചന്ദ്രശേഖരന്റെ ചാനലായ ഏഷ്യനെറ്റ് ബഹിഷ്‌കരിച്ച് സമരം നടത്തുമ്പോഴാണ് അദ്ദേഹം കേന്ദ്രമന്ത്രിയാവുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബി ജെ പിക്കെതിരെ നടത്തിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരിലുള്ള വിവാദമാണ് കേരള ബി ജെ പി ഏഷ്യനെറ്റ് ബഹിഷ്‌കരിക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് ഏഷ്യാനെറ്റ് ചാനല്‍ പ്രതിനിധിയെ വി മരളീധരനും കെ സുരേന്ദ്രനും വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നു.

മലയാളിയാണെങ്കിലും കര്‍ണാടക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാജീവ് ചന്ദ്രശേഖരന്‍ എന്‍ ഡി എ കേരള വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ മന്ത്രി പദവി ഉപയോഗിച്ചു കേരളത്തില്‍ കൂടുതല്‍ സാന്നിധ്യമറിയിക്കുമെന്ന കാര്യം ഉറപ്പാണ്. കേരള സര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടലിന്റെ രീതി സ്വീകരിക്കുന്ന വി മുരളീധരനെ കേരള സര്‍ക്കാര്‍ ഇതുവരെ ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ പരിഗണിച്ചിട്ടില്ല. കേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്തതായി വി മുരളീധരനും അവകാശപ്പെടാറില്ല.

കേരളത്തിനും കേന്ദ്രത്തിനും ഇടയിലുള്ള പാലം എന്ന നിലയില്‍ രാജീവ് ചന്ദ്രശേഖരന്‍ ഇടപെടാന്‍ തുടങ്ങിയാല്‍ അതു ബി ജെ പി കേരള ഘടനകത്തിനും വി മുരളീധരനും വലിയ തിരിച്ചടിയാവും. രാജീവ് ചന്ദ്രശേഖരനു ലഭിച്ച വകുപ്പുകളും സംസ്ഥാനത്തിനു താല്‍പര്യമുള്ളവയാണ്. നൈപുണ്യവികസനം, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐ ടി) എന്നിവ കേരളത്തിന്റെ പ്രധാന ലക്ഷ്യങ്ങളായ വകുപ്പുകളാണ്. അഭ്യസ്ത വിദ്യര്‍ ഏറെയുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തിനെ സഹായിക്കാന്‍ കഴിയുന്ന വകുപ്പുകളാണ് രാജീവ് ചന്ദ്രശേഖരിനില്‍ വന്നു ചേര്‍ന്നിരിക്കുന്നത്.

കേരളത്തിന്റെ ഭാവി വ്യവസായ സാധ്യതകള്‍ ഐ ടി, ഇലക്ട്രോണിക്ക് മേഖലയുമായി ബന്ധപ്പെട്ടവയാണ് എന്നതിനാല്‍ അദ്ദേഹത്തിന്റെ സേവനം കേരളം പ്രയോജനപ്പെടുത്തുമെന്നുറപ്പാണ്. രാജീവിന് ആര്‍ എസ് എസ് കാര്‍ക്കശ്യം ഇല്ലാത്തതും അദ്ദേഹത്തോടുള്ള ഇടതു സര്‍ക്കാറിന്റെ സമീപനത്തില്‍ മാറ്റം വരുത്തിയേക്കും. മൂന്നാം തവണയും രാജ്യസഭ എം പിയായ രാജീവ് ചന്ദ്രശേഖര്‍ എന്‍ ഡി എ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ഇനി കേരളത്തിലെ ബി ജെ പി രാഷ്ട്രീയത്തിലും ഇടപെടുമെന്നുറപ്പാണ്.

എയര്‍ കമോന്‍ഡോര്‍ ആയിരുന്ന എം കെ ചന്ദ്രശേഖരന്റേയും വള്ളിയുടേയും മകനായി ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനിച്ച രാജീവ് പിന്നീട് വ്യവസായ പ്രമുഖനായി വളരുകയായിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജനിയറിങ്ങിലും കംപ്യൂട്ടര്‍ സയന്‍സിലും യോഗ്യതകള്‍ നേടിയ ശേഷമാണ് അദ്ദേഹത്തിന്റെ ബിസിനസ് വളര്‍ച്ച.
മലയാളിയായ ടി പി ഗോപാല്‍ നമ്പ്യാര്‍ (ടി പി ജി നമ്പ്യാര്‍) 1963 ല്‍ പാലക്കാട് തുടങ്ങി പിന്നീട് ബാംഗളുരുവിലെ ചര്‍ച്ച് സ്ട്രീറ്റ് ആസ്ഥാനമാക്കി ഭാരതത്തിനു അഭിമാനമായി മാറിയ ബി പി എല്‍ എന്ന കമ്പനിയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ വളര്‍ച്ച.

1990 കളില്‍ ടി വി, ഫോണ്‍ മേഖലകളിലെ ആധിപത്യം ബി പി എല്‍ കമ്പിനിയെ ഇന്ത്യയിലെ ആദ്യ 10 മുന്‍ നിര കംമ്പിനികളുടെ ശ്രേണിയിലെത്തിച്ചിരുന്നു. രാജീവ് ചന്ദ്രശേഖര്‍ 1991ല്‍ ടി പി ജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം കഴിച്ചതോടെ അദ്ദേഹം ബി പി എല്‍ എക്‌സിക്യുട്ടീവ് ഡയറകടറായി. 2005 ജൂലൈയില്‍ ബി പി എല്‍ കമ്പനിയുടെ 64 ശതമാനം ഓഹരികള്‍ മുംബൈ ആസ്ഥാനമായ എസ്സാര്‍ ഗ്രൂപ്പിനു രാജീവ് ചന്ദ്രശേഖര്‍ കൈമാറി.

ബി പി എല്‍ ഓഹരി കൈമാറ്റത്തിനു ശേഷം രാജീവ് ജൂപിറ്റര്‍ ക്യാപിറ്റല്‍ എന്ന സ്ഥാപനം തുടുങ്ങി. ഏഷ്യാനെറ്റ് അടക്കം അനേകം മാധ്യമ സ്ഥാപനങ്ങളും ഇതര സ്ഥാപനങ്ങളുടേയും ഓഹരികള്‍ കൈയാളുന്ന സ്ഥാപനമാണ് ജൂപിറ്റര്‍ ക്യാപിറ്റല്‍.
2006 ലാണ് കര്‍ണാടകയില്‍ നിന്ന് രാജീവ് രാജ്യ സഭാംഗമായി പാര്‍ലമെന്റില്‍ എത്തുന്നത്. പട്ടാളക്കാരുടെ ക്ഷേമത്തിനായി തുടര്‍ച്ചയായി സംസാരിച്ച് രാജീവ് ചന്ദ്രശേഖര്‍ എം പി എന്ന നിലയില്‍ ശ്രദ്ധ നേടി. 2012 കര്‍ണാടക നിയമസഭ ഏക കണ്ഠമായാണ് രണ്ടാമത് രാജീവിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. എം പി എന്ന നിലയില്‍ പ്രതിരോധം അടക്കം പാര്‍ലമെന്റിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ രാജീവ് ചന്ദ്രശേഖര്‍ അംഗമാണ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest