Kerala
ചോദ്യം ചെയ്യൽ അജൻഡയുടെ ഭാഗമെന്ന് ഐഷ സുല്‍ത്താന; അനുജന്റെ ലാപ്ടോപ് പിടിച്ചെടുത്തു

കൊച്ചി | സിനിമാ പ്രവര്‍ത്തകയും ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന് രാജ്യദ്രോഹ കേസില്‍ പെടുകയും ചെയ്ത ഐഷ സുല്‍ത്താനയെ ലക്ഷദ്വീപിലെ കവരത്തി പോലീസ് കൊച്ചിയിലെ ഫ്ലാറ്റിലെത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ അജൻഡയുടെ ഭാഗമാണെന്നും തന്നെ ദ്രോഹിക്കാനാണെന്നും അവർ പിന്നീട് പ്രതികരിച്ചു. ഏതാനും മണിക്കൂറുകളാണ് ചോദ്യം ചെയ്യലുണ്ടായത്.
ഐഷ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റില്‍ കവരത്തി പോലീസ് റെയ്ഡ് നടത്തി. അനുജന്റെ ലാപ്ടോപ് പിടിച്ചെടുത്തിട്ടുണ്ട്. ബേങ്ക് വിവരങ്ങളും മറ്റും ചോദിച്ചറിഞ്ഞു. ഇത് മൂന്നാം തവണയാണ് ഐഷയെ പോലീസ് ചോദ്യം ചെയ്യുന്നത്. മുന്‍കൂട്ടി അറിയിക്കാതെയാണ് ചോദ്യം ചെയ്യാന്‍ പോലീസ് താമസസ്ഥലത്തെത്തിയതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു.
നേരത്തേ, ഐഷ സുല്‍ത്താന ലക്ഷദ്വീപ് പോലീസിന്റെ മുന്നില്‍ ഹാജരായിരുന്നു. അന്ന് രണ്ട് പ്രാവശ്യമാണ് ചോദ്യം ചെയ്തത്. ലക്ഷദ്വീപിലെ ബി ജെ പി ഭാരവാഹികളാണ് ഐഷക്കെതിരെ രാജ്യദ്രോഹ കേസെടുക്കാന്‍ പരാതി നല്‍കിയത്.