Gulf
31 ദശലക്ഷം യാത്രക്കാർക്ക് സുരക്ഷയൊരുക്കി ദുബൈ പോലീസ്

ദുബൈ | ദുബൈ പൊലീസിലെ ജനറൽ എയർപോർട്ട് സെക്യൂരിറ്റി കഴിഞ്ഞ വർഷം 31,959,410 യാത്രക്കാർക്ക് ദുബൈ ഇന്റർനാഷണൽ എയർപോർട്ട് വഴി സുരക്ഷിത യാത്രയൊരുക്കി. 2,514,000 ടൺ ചരക്കുകളും സുരക്ഷിതമായി കൈകാര്യം ചെയ്തു. ജനറൽ എയർപോർട്ട് സെക്യൂരിറ്റിയുടെ വാർഷിക യോഗത്തിലാണ് ദുബൈ പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി കണക്കുകൾ വെളിപ്പെടുത്തിയത്.
അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂതനവും കാര്യക്ഷമവും സമയബന്ധിതവുമായ സുരക്ഷാ സേവനങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പാലങ്ങൾ ശക്തിപ്പെടുത്തുന്നതിന് അശ്രാന്തമായി പ്രവർത്തിക്കുന്നു. ലഫ്റ്റനന്റ് ജനറൽ അൽ മർറി കൂട്ടിച്ചേർത്തു.
സുരക്ഷയുടെ വിവിധ നൂതന സംരംഭങ്ങൾ നടപ്പിലാക്കി. സുരക്ഷിത വിമാനത്താവളം, സുരക്ഷിത ബാഗുകൾ, സുരക്ഷാ ഓഡിറ്റ് പ്രോഗ്രാം, സ്മാർട്ട് ഓപ്പറേഷൻ സെന്റർ, അലേർട്ട് എന്നിവ അതിൽ പെടും. ഒൻപത് മികച്ച സ്മാർട്ട്, ബാക്ക് എൻഡ് സംവിധാനങ്ങൾ എയർപോർട്ടിൽ അവതരിപ്പിച്ചു.
40 കിലോമീറ്റർ പരിധിയിൽ 15 മിനിറ്റിനുള്ളിൽ 90% അപകടങ്ങളോട് പ്രതികരിക്കാൻ ദുബൈ പോലീസ് എയർ വിംഗിന് കഴിഞ്ഞു. ശരാശരി പ്രതികരണ സമയം 11 മിനിറ്റ് 23 സെക്കൻഡ്. 40 കിലോമീറ്ററിൽ കൂടുതൽ 30 മിനിറ്റിനുള്ളിൽ 95% അപകടങ്ങൾക്കും എയർ റെസ്ക്യൂ പ്രതികരിച്ചു. ശരാശരി പ്രതികരണ സമയം 27 മിനിറ്റ്.