Kerala
തെളിവുകള്‍ തിരിഞ്ഞുകുത്തുന്നു; നിരാശനായി ഷാജി

കോഴിക്കോട് | അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് ചോദ്യംചെയ്തു വിട്ടയച്ച മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി കടുത്ത നിരാശയില്‍. കേസില്‍ തന്നെ കുടുക്കാന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ചിലര്‍ ചരടുവലി നടത്തുന്നതിന്റെ വ്യക്തമായ സൂചനയാണ് ചോദ്യംചെയ്യലില്‍ ഷാജിയെ കുഴക്കുന്നത്.
മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഷാജിയെ വിട്ടയച്ചെങ്കിലും ഇനിയും ചോദ്യംചെയ്യുമെന്നാണു വിവരം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെ വിജിലന്‍സ് കേസില്‍ ഷാജി നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തില്‍ രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന വിവരം പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ വിജിലന്‍സിനെ അറിയിച്ചു എന്നാണു സൂചന.
ഭരണ മാറ്റം ഉണ്ടായാല്‍ കേസ് തേച്ചുമാച്ചുകളയാമെന്ന പ്രതീക്ഷയിലായിരുന്നു ഷാജി. എന്നാല്‍ ഇന്നലെ വിജിലന്‍സില്‍ ഹാജരായ ശേഷം കുടുക്കു മുറുകുന്നതിന്റെ സൂചന വ്യക്തമായതോടെ മാധ്യമങ്ങള്‍ക്കു മുഖം കൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം വീണ്ടും ഷാജിയുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അദ്ദേഹത്തെ ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യുമെന്ന് സിറാജ്‌ലൈവ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുസ്്‌ലിം ലീഗ് വിവിധ തരത്തിലുള്ള വെല്ലുവിളിയിലൂടെയാണു കടന്നു പോകുന്നത്. തുടര്‍ച്ചയായി അധികാരം നഷ്ടപ്പെട്ടതോടെ നേതൃമാറ്റം വേണമെന്നും ഉന്നതാധികാര സമിതി പിരിച്ചു വിടണമെന്നുമുള്ള ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഈ ആവശ്യം ഉന്നയിക്കുന്ന വിഭാഗത്തിന്റെ നേതൃസ്ഥാനം കെ എം ഷാജിക്കായിരുന്നു. അതിനാല്‍ ഷാജിയെ കരകയറ്റാല്‍ ആവശം കാണിക്കേണ്ട എന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിനെതിരെ തലപൊക്കാന്‍ തുടങ്ങിയതിന്റെ തുടര്‍ച്ചയായാണ് നേരത്തെ ലീഗില്‍ ലയിച്ച അഖിലേന്ത്യാ ലീഗിനെ പുനരുജ്ജീവിപ്പിക്കുന്ന തരത്തില്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തനമാരംഭിച്ചതെന്നും നേതൃത്വം കരുതുന്നു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ പാര്‍ട്ടിക്കു മുമ്പില്‍ വന്ന പരാതികളും അതെല്ലാം ഒത്തു തീര്‍ത്ത വഴികളും പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങള്‍ വിജിലന്‍സ് കേന്ദ്രങ്ങളില്‍ എത്തിച്ചതായും വിവരമുണ്ട്. കെ എം ഷാജി കോഴിക്കോട് വീട് നിര്‍മ്മിച്ച ഭൂമി സംബന്ധിച്ച് പാര്‍ട്ടിയിലെ രണ്ടു നേതാക്കള്‍ നല്‍കിയ വഞ്ചനാ പരാതിയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇടപെട്ട് പരാതിക്കാര്‍ക്ക് മുടക്ക് മുതല്‍ പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചു നല്‍കിയാണ് ഒത്തുതീര്‍ത്തത്. യൂത്ത് ലീഗിന് വേണ്ടി കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡില്‍ വാങ്ങിയ ഭൂമി ഇടപാടിലും കെ എം ഷാജിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങളാണ് പുതുതായി വിജിലന്‍സിനു ലഭിച്ചതെന്നാണു സൂചന.
അനധികൃത സ്വത്ത് സമ്പാദനക്കേസിലും കണക്കില്‍ പെടാത്ത പണത്തിന്റെ പേരിലും നേരത്തെ ഷാജിയെ പലവട്ടം ചോദ്യം ചെയ്തിരുന്നു. 47,30,000 രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ചതായുള്ള മിനുട്‌സ് ആയിരുന്നു ഷാജി വിജിലന്‍സില്‍ ഹാജരാക്കിയത്. പിന്നീടാണ് പണം പിരിച്ചതിന്റെ രസീത് ബുക്കിന്റെ കൗണ്ടര്‍ ഫോയില്‍ ഹാജരാക്കിയത്.
വിജിലന്‍സ് പരിശോധനയില്‍ കെ എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് ഭൂമിയിടപാടിന്റെ 72 രേഖകള്‍ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞതില്‍ കൂടുതല്‍ സ്വര്‍ണവും കണ്ടെത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സംബന്ധിച്ച് ഷാജിയുടെ ഭാര്യ ആഷയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.