Connect with us

Malappuram

ആറുവരിപാത; കരിപ്പൂരിനെതിരെ ഗൂഢാലോചന നടന്നെന്ന് എം എൽ എ

Published

|

Last Updated

മലപ്പുറം | കേന്ദ്ര സർക്കാറിന്റെ ഭാരത്‌മാല പദ്ധതിയിൽ മലപ്പുറത്തെയും കരിപ്പൂർ വിമാനത്താവളത്തെയും ഒഴിവാക്കുന്നതിന് ഗൂഢാലോചന നടന്നതായി ടി വി ഇബ്‌റാഹിം എം എൽ എ ആരോപിച്ചു.
2014 ഒക്ടോബർ 25ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതും ദേശീയപാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയുമായ മലപ്പുറം-മൈസൂർ-ബെംഗളൂരു പാതയും ഇതിന്റെ ഇന്റർഫീഡർ കണക്ടിവിറ്റി പാതയായ കോഴിക്കോട് – മലപ്പുറം – പാലക്കാട് പാതയുടെയും അലൈൻമെന്റിൽ മലപ്പുറത്തെയും കരിപ്പൂര്‍ വിമാനത്താവളത്തെയും അവഗണിക്കുന്നതിന്റെ പിന്നിൽ വലിയ രീതിയിലുള്ള ഇടപെടൽ നടന്നതായും അദ്ദേഹം പറഞ്ഞു.

കരിപ്പൂർ വഴി വരുമായിരുന്ന അന്താരാഷ്ട നിലവാരുള്ള ഈ റോഡ് ബേപ്പൂർ തുറമുഖവുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന ഏറ്റവും മികച്ച അലൈൻമെന്റാകുമായിരുന്നു. ഇത്തരത്തിൽ അലൈൻമെന്റ് വഴിതിരിച്ച് വിടുക വഴി ബെംഗളൂരു- മൈസൂർ – മലപ്പുറം സാമ്പത്തിക ഇടനാഴി മലപ്പുറത്തേക്ക് വരാതിരിക്കാൻ കൂടിയാണ് ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
കൺസൾട്ടൻസിയായ മുംബൈയിലെ ടി പി എഫ് എൻജിനീയറിംഗ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് അലൈൻമെന്റ് റിപ്പോർട്ടിൽ കൃത്രിമം കാണിച്ചത്. മലപ്പുറം-പാലക്കാട് ജില്ലകളുടെ കിഴക്കൻ മേഖലകളിലൂടെ കടന്നുപോകുന്ന പാതയോടൊപ്പം പരിഗണിച്ചിരുന്നത് കരിപ്പൂർ വിമാനത്താവളത്തിന്റെ പടിഞ്ഞാറ് ഭാഗം വഴിയുള്ള പാതയായിരുന്നു. എന്നാൽ റിപ്പോർട്ടുകളിൽ കൃത്രിമം നടത്തി ഒഴിവാക്കുകയാണ് കൺസൾട്ടൻസി ചെയ്തത്.

അലൈൻമെന്റ് റിപ്പോർട്ടിൽ 24 ക്രമക്കേടുകൾ നടത്തിയാണ് പുതിയ പാതയാണ് അനുയോജ്യമെന്ന് കൺസൾട്ടൻസി പറയുന്നതെന്നും എം എൽ എ ആരോപിക്കുന്നു.
പാതയുമായി ബന്ധപ്പെട്ട് കോഴിക്കോടും പാലക്കാടും ജനപ്രതിനിധികളുടെ യോഗങ്ങൾ വിളിച്ച് ചർച്ച ചെയ്തപ്പോൾ ഈ പാത ബഹുദൂരം കടന്നുപോകുന്ന ജില്ലയിലെ ജനപ്രതിനിധികളുമായി യാതൊരു ചർച്ചയും നടത്താത്തതും ദുരൂഹത വർധിപ്പിക്കുന്നതാണെന്ന് എം എൽ എ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

---- facebook comment plugin here -----

Latest