Connect with us

National

ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു

Published

|

Last Updated

മുംബൈ | ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ (98) അന്തരിച്ചു. ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദശാബ്ദം നീണ്ട അഭിനയ ജിവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്.

ബോളിവുഡിലെ ശക്തരാവ അഭിനേതാക്കളില്‍ ഒരാളായിരുന്നു മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലിപ് കുമാര്‍. അമിതാബ് ബച്ചന്‍ ഉള്‍പ്പെടെ ഇന്നത്തെ പല പ്രമുഖ നടന്മാരുടെയും പാഠപുസ്തകമായിരുന്നു അദ്ദേഹം. ദിലിപ് കുമാറിന് മുമ്പും ശേഷവും എന്ന വിധം അഭിനയ ചരിത്രം രേഖപ്പെടുത്തപ്പെടണമെന്ന് ബച്ചന്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു.

മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ശ്രദ്ധേയനാക്കി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ ശക്തമായ വേഷങ്ങളിലെത്തി.

1922 ഡിസംബര്‍ 11ല്‍ പാകിസ്താനിലെ പെഷാവറില്‍ ജനിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. ജ്വാര്‍ ഭാട്ടയായിരുന്നു ആദ്യ ചിത്രം. ആറു പതിറ്റാണ്ട് കാലം അഭിനയരംഗത്ത് നിറഞ്ഞുനിന്നു. ഇക്കാലയളവില്‍ 62 സിനിമകളില്‍ വേഷമിട്ടു. 1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം.

ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 2015 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം 1994 ല്‍ അദ്ദേഹത്തിന് ലഭിച്ചു. പാകിസ്താന്‍ സര്‍ക്കാരും രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍ -ഇ- ഇംതിയാസ് നല്‍കി 1997 ല്‍ ആദരിച്ചു.

Latest