Articles
അന്വേഷണ റോളില്‍ ഫ്രാന്‍സ് എത്തുമ്പോള്‍

രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്താണ് റാഫേല്‍ യുദ്ധവിമാനം വാങ്ങുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത്. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാജ്യരക്ഷാവകുപ്പ് മന്ത്രി എ കെ ആന്റണിയുമായിരുന്നു. റാഫേല്‍ വിമാനം ഒന്നിന് 526 കോടി രൂപ വീതം നല്‍കാനായിരുന്നു അന്നത്തെ കരാര്‍. എന്നാല്‍ 2016ല്‍ റാഫേല്‍ വിമാനം ഒന്നിന്റെ വില 526 കോടി രൂപയില്‍ നിന്ന് 1,670 കോടി രൂപയായി മോദി സര്‍ക്കാര്‍ ഉയര്‍ത്തി. ഈ വിധത്തില്‍ 59,000 കോടി രൂപക്ക് 36 യുദ്ധവിമാനങ്ങള്‍ മോദിസര്‍ക്കാര്‍ വാങ്ങുന്നതിലാണ് ഇപ്പോള്‍ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് ഹോളണ്ടെയുമായുള്ള ചര്‍ച്ചകളെത്തുടര്‍ന്ന് 2016 സെപ്തംബറിലാണ് 36 റാഫേല്‍ പോര്‍വിമാനങ്ങള്‍ക്കുള്ള 59,000 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചത്. 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ (എച്ച് എ എല്‍) നിര്‍മിക്കാന്‍ സാങ്കേതികവിദ്യ കൈമാറുന്നതടക്കം 128 റാഫേല്‍ വിമാനങ്ങള്‍ക്കായി യു പി എ സര്‍ക്കാര്‍ രൂപപ്പെടുത്തിയ ഇടപാട് ഉപേക്ഷിച്ചാണ് 36 വിമാനങ്ങള്‍ നേരിട്ട് വാങ്ങാന്‍ മോദി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
റാഫേല്‍ യുദ്ധവിമാന ഇടപാടിനെതിരായി നേരത്തേ തന്നെ വലിയ നിയമപ്പോരാട്ടം നടന്നിരുന്നു. ഫ്രാന്‍സിലെ ദസോ ഏവിയേഷനില്‍ നിന്ന് 59,000 കോടി രൂപക്ക് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് 2018 ഡിസംബര്‍ 14ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജികളും സുപ്രീം കോടതി തള്ളിയിരുന്നു.
കോഴയും വ്യാപകമായ അഴിമതിയും ജനാധിപത്യ വ്യവസ്ഥയെത്തന്നെ തകര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നഗ്നമായ അഴിമതിയുടെ ലജ്ജിപ്പിക്കുന്ന ചിത്രമാണ് റാഫേല്‍ ഉടമ്പടി പുറത്തുകൊണ്ടുവരുന്നത്. ഇതിലെ ഒരു പാര്‍ട്ടിയായ ഫ്രഞ്ച് സര്‍ക്കാറിന് ഈ കരാര്‍ അന്വേഷിക്കാതെ മുന്നോട്ടുപോകാന്‍ കഴിയുകയില്ലെന്ന സ്ഥിതി സംജാതമായതോടു കൂടിയാണ് ഫലപ്രദമായ അന്വേഷണത്തിനുള്ള തീരുമാനം ആ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രഞ്ച് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമാണ് റാഫേല്‍ കരാര്‍ ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ധീരമായ തീരുമാനമാണ് ഫ്രഞ്ച് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത് എന്ന് അനുമാനിക്കാം.
റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഇടനിലക്കാര്‍ക്ക് വന്‍തുക നല്‍കിയതായി ഇതുവരെ പുറത്തുവന്ന രേഖകള്‍ വെളിവാക്കുന്നുവെന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഒരെണ്ണത്തിന് 570 കോടി രൂപയുള്ള റാഫേല്‍ വിമാനമാണ് 1,670 കോടി രൂപക്ക് മോദി സര്‍ക്കാര്‍ വാങ്ങിയതെന്ന് വ്യക്തമായിരിക്കുകയാണെന്ന് എ ഐ സി സി വക്താവ് പവന്‍ഖേര പറയുന്നു.
അഴിമതി തടയാനുള്ള ഭാഗങ്ങളെല്ലാം ബോധപൂര്‍വം നീക്കം ചെയ്താണ് ഈ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യ-ഫ്രാന്‍സ് സര്‍ക്കാറുകള്‍ തമ്മിലുള്ള പ്രതിരോധ കരാറില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇന്ത്യ മൗനം പാലിക്കുന്നത് വളരെ വിചിത്രമാണ്. അതിനിടെ താടിരോമങ്ങളില്‍ ജറ്റ് വിമാനം തൂങ്ങിക്കിടക്കുന്ന ചിത്രത്തോടെ “കള്ളന്റെ താടി” എന്ന അടിക്കുറിപ്പിന്റെ അകമ്പടിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വലിയ വിവാദമായിട്ടുണ്ട്.
വലിയ കുറ്റബോധവും ചങ്ങാതിമാരെ സംരക്ഷിക്കാനുള്ള തത്രപ്പാടുമാണ് ജോയിന്റ് പാര്‍ലിമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണകക്ഷി തള്ളാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. മറച്ചുവെക്കാന്‍ പലതും ഉള്ളതിനാലാണ് സംയുക്ത പാര്‍ലിമെന്ററി സമിതി അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് കോണ്‍ഗ്രസും ചൂണ്ടിക്കാട്ടുന്നു.
റാഫേല്‍ പോര്‍വിമാന ഇടപാടില്‍ പ്രധാനമന്ത്രിയുടെ പങ്കും മറ്റു കാര്യങ്ങളും പുറത്തുകൊണ്ടുവരാന്‍ സംയുക്ത പാര്‍ലിമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിരുന്നു. കരാറിന്റെ ഭാഗമായി വന്‍ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്ന് പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചു. ഈ ആശങ്കകളെല്ലാം ശരിവെക്കുന്നതാണ് ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള ഫ്രഞ്ച് സര്‍ക്കാറിന്റെ തീരുമാനം.
റാഫേല്‍ ഇടപാടിലെ ആദ്യ കരാറില്‍ പരിഗണിച്ചിരുന്ന എച്ച് എ എല്ലിനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പ്രഖ്യാപനം നടത്തുന്നതിന് 15 ദിവസം മുന്പേ, 2016 മാര്‍ച്ച് 26ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും റാഫേല്‍ യുദ്ധവിമാന നിര്‍മാതാക്കളും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നതായി ഫ്രഞ്ച് അന്വേഷണാത്മക വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാറിനെപ്പോലും വെട്ടിച്ച് അംബാനിക്ക് നേരിട്ട് ഫ്രഞ്ച് കമ്പനിയുമായി കരാറുണ്ടാക്കാന്‍ ഒത്താശ ചെയ്തത് മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. മോദി സര്‍ക്കാര്‍ ജനകീയ വികാരങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. റാഫേല്‍ ഉടമ്പടിയുടെ കാര്യത്തിലും ഇത്തരം ഒരു നിലപാടുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് കേന്ദ്ര ഭരണകൂടത്തിന്റെ തീരുമാനം. അതുകൊണ്ടുതന്നെയാണ് സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം ഇക്കൂട്ടര്‍ ബോധപൂര്‍വം നിഷേധിക്കുന്നത്.
“ചക്കിക്കൊത്ത ചങ്കരന്‍” എന്ന നിലയില്‍ മോദി സര്‍ക്കാറിന്റെ അഴിമതികള്‍ക്കും ക്രമക്കേടുകള്‍ക്കും വെള്ളപൂശുന്ന നിലപാടാണ് രാജ്യത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) അതുപോലുള്ള അന്വേഷണ ഏജന്‍സികളും സ്വീകരിച്ചിട്ടുള്ളത്. വിദേശത്ത് നിന്ന് ഇന്ത്യക്കാര്‍ക്ക് അനധികൃതമായി ലഭിക്കുന്ന പണത്തെക്കുറിച്ച് അന്വേഷിക്കുകയാണ് ഇ ഡിയുടെ പ്രാഥമിക ചുമതല. ആയുധവ്യാപാര ദല്ലാള്‍ സുഷേന്‍ഗുപ്തയുടെ കുടുംബവക കമ്പനിക്ക് റാഫേല്‍ കരാറിന്റെ ഭാഗമായി 8.5 കോടി കോഴ ലഭിച്ചെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഫ്രഞ്ച് മാധ്യമം “മീഡിയ പാര്‍ട്ട്” തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. നിര്‍ഭാഗ്യവശാല്‍ രാജ്യദ്രോഹികളായ ഇത്തരം ക്രിമിനലുകള്‍ക്കെതിരായി അന്വേഷണം നടത്താന്‍ ഇ ഡിയും മറ്റു ഏജന്‍സികളും വിമുഖത കാട്ടുകയാണ്. സര്‍ക്കാറിന്റെ താളത്തിനൊത്തു തുള്ളാനേ ഇ ഡിക്കും ഇപ്പോള്‍ കഴിയുകയുള്ളൂ.
റാഫേല്‍ അഴിമതി പുറത്തുകൊണ്ടുവരണമെന്നുള്ളത് രാജ്യത്തെ ജനതയുടെ ഒന്നടങ്കമുള്ള ആവശ്യമാണ്. ഈ ആവശ്യം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാന്‍ ഇനി ഏറെക്കാലം മോദി സര്‍ക്കാറിന് കഴിയുമെന്ന് തോന്നുന്നില്ല. ലോകത്തൊട്ടാകെ ഭരണാധികാരികളുടെ അഴിമതിക്കും സ്വജനപക്ഷപാതങ്ങള്‍ക്കുമെതിരായി ശക്തമായ ജനകീയ രോഷം ആളിക്കത്തുകയാണിപ്പോള്‍. ലോകവും ജനതയും വലിയ മാറ്റത്തിന് വിധേയമായിരിക്കുകയുമാണ്. ഈ മാറ്റങ്ങള്‍ക്കു നേരേ മുഖം തിരിഞ്ഞ് നില്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്നല്ല ഒരു ഭരണാധികാരികള്‍ക്കും ഇനി സാധ്യമല്ലെന്നുള്ള യാഥാര്‍ഥ്യം വിസ്മരിക്കാന്‍ കഴിയില്ല. അഴിമതിക്കും ജനവിരുദ്ധ നടപടികള്‍ക്കുമെതിരായി രാജ്യത്ത് പതുക്കെ വളര്‍ന്നുവരുന്ന ജനകീയ പ്രവാഹത്തെ മണ്‍ചിറകെട്ടി തടുത്തുനിര്‍ത്താന്‍ ആര്‍ക്കും കഴിയുമെന്നും തോന്നുന്നില്ല. രാജ്യത്തിന്റെ വികസനവും അതിന്റെ ചരിത്രവും മുന്നോട്ടാണ് നീങ്ങുന്നത്. ഈ യാഥാര്‍ഥ്യം ഇന്ത്യന്‍ ഭരണാധികാരികള്‍ വിസ്മരിക്കാതിരുന്നാല്‍ അവര്‍ക്ക് തന്നെയായിരിക്കും അതുകൊണ്ടുള്ള ഗുണം.
അഡ്വ. ജി സുഗുണന്‍