Kerala
ഐ എസ് ആര്‍ ഒ ചാരക്കേസ്; പ്രതികളെ അറസ്റ്റ് ചെയ്തത് ഐ ബി നിര്‍ദേശ പ്രകാരമെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം | ഐ എസ് ആര്‍ ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ്. പ്രതികളെ അറസ്റ്റ് ചെയ്തത് ഐ ബി ഉദ്യോഗസ്ഥനായ ആര്‍ ബി ശ്രീകുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് പറഞ്ഞു. വിദേശ വനിതകളും നമ്പി നാരായണനും ചേര്‍ന്ന് ചാരവൃത്തി നടത്തിയെന്നും ജാമ്യാപേക്ഷയിലുണ്ട്.
ഐ ബിയും റോയും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ മാലി വനിതകളായ മറിയം റഷീദിയെയും ഫൗസിയ ഹസ്സനെയും അറസ്റ്റ് ചെയ്യുന്നത്. മറിയം റഷീദിയുടെ പങ്ക് സംബന്ധിച്ച് ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍ ബി ശ്രീകുമാറാണ് വിവരം നല്‍കിയത്. റഷീദയുടെയും ഫൗസിയയുടെയും മൊഴിയില്‍ നിന്നും നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായിരുന്നു.
നമ്പി നാരായണനെയും അന്നത്തെ ഐ ജി രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഐ ബി ഉദ്യോഗസ്ഥര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും ജാമ്യ ഹരജിയില്‍ പറയുന്നു. ചാരവൃത്തി നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് നിയമനടപടികളെല്ലാം പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജോഗേഷ്, നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തലവനായ താനാണ് സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയത്. എന്നാല്‍, കേസെറ്റെടുത്ത സി ബി ഐ പലതും മറച്ചുവച്ചു.
മറിയം റഷീദയും ഫൗസിയയുമായി ആര്‍മി ക്ലബില്‍ പോയ ഉദ്യോഗസ്ഥന്റെ കാര്യം സി ബി ഐ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയില്ല. ആര്‍മി ക്ലബില്‍ പോയ സ്‌ക്വാഡ്രന്റ് ലീഡറുടെ ഫോട്ടോ ഫൗസിയ ഹസ്സന്‍ തിരിച്ചറിഞ്ഞതാണെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിബി മാത്യൂസിന്റെ ജാമ്യ ഹരജിയും ഇതിനെ എതിര്‍ത്ത് നമ്പി നാരായണന്‍ നല്‍കിയ ഹരജിയും കോടതി വ്യാഴാഴ്ച കോടതി പരിഗണിക്കും.