Connect with us

National

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു. 84 വയസ്സായിരുന്നു. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗിയായിരുന്ന സ്റ്റാന്‍ സ്വാമിക്ക് കൊവിഡും ബാധിച്ചിരുന്നു. കൊവിഡ് പിന്നീട് നെഗറ്റീവ് ആയെങ്കിലും കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലിലായിരുന്നു അദ്ദേഹം. ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ, അഭിഭാഷകനാണ് ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിയിച്ചത്.

സാമൂഹിക പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു ജെസ്യൂട്ട് പുരോഹിതനായ ഫാദര്‍ സ്റ്റാന്‍ സ്വാമി. മെയ് 30 മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ കോടതിയെ ഇന്ന് രാവിലെ സമീപിച്ചിരുന്നു. ജയിലില്‍ കഴിയവേ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാന്‍ സ്വാമിക്ക് ചികിത്സ ഉറപ്പാക്കിയത്. ശനിയാഴ്ച അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അദ്ദേഹം ഐസിയുവിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനോട് സ്റ്റാന്‍ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കത്ത് നല്‍കിയിരുന്നു. ഇതിനിടയിലാണ് ആരോഗ്യാവസ്ഥ വഷളായി അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

അറസ്റ്റിലായ 2020 ഒക്ടോബര്‍ മുതല്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിയുകയായിരുന്ന വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നേരത്തേ സബര്‍ബന്‍ ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2020 ഒക്ടോബറിലാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ താമസ സ്ഥലത്ത് അര്‍ധരാത്രിയെത്തിയ പോലീസ് 84കാരനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു.

Latest