First Gear
ജൂണില്‍ ഇന്ത്യയില്‍ വിറ്റ കാറുകളുടെ ടോപ്പ്-10 ല്‍ മാരുതി സുസുക്കി മുന്നില്‍

ന്യൂഡല്‍ഹി | രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 2021 ജൂണില്‍ ഏറ്റവും അധികം വില്‍പന നടത്തി ടോപ്പ് ലിസ്റ്റില്‍ ഇടം നേടി. ഇന്ത്യയില്‍ വിറ്റഴിച്ച മികച്ച 10 കാറുകളില്‍ എട്ട് കാറുകളും മാരുതി സുസുക്കിയുടെതും രണ്ട് കാറുകള്‍ ഹ്യുണ്ടായിയുടെതുമാണ്. ഏറ്റവും വലിയ സേവന ശൃംഖല, കുറഞ്ഞ ചെലവിലുള്ള അറ്റകുറ്റപ്പണി, ക്ലാസ് ലീഡിങ് ഇന്ധന കാര്യക്ഷമത എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കിയുടെ വിജയം. ജൂണില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡല്‍ മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍ ആണ്. 19,447 യൂണിറ്റ് വില്‍പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ ബെസ്റ്റ് സെല്ലര്‍ സ്വിഫ്റ്റ് ഹാറ്റ്ച്ച്ബാക്ക് ആണ്. 17,727 യൂണിറ്റാണ് വില്‍പന. 14,701 യൂണിറ്റ് വില്‍പനയുമായി ബലേനോ മൂന്നാം സ്ഥാനത്താണ്. ന്യൂ ജെന്‍ ഹ്യുണ്ടായ് ഐ 20 യ്ക്ക് ആരാധകര്‍ ഏറെ ഉണ്ടെങ്കിലും പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബലേനോയ്ക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
വിറ്റാര ബ്രെസ്സ 12,833 യൂണിറ്റ് വില്‍പന നടത്തി നാലാം സ്ഥാനം കരസ്ഥമാക്കി. കോംപാക്റ്റ് എസ്യുവി വിഭാഗത്തിലെ ബെസ്റ്റ് സെല്ലര്‍ കൂടിയാണ് വിറ്റാര. 12,639 യൂണിറ്റ് വില്‍പന നടത്തിയ ഡിസയര്‍ സെഡാന്‍ അഞ്ചാം സ്ഥാനം നേടി. 12,513 യൂണിറ്റ് വില്‍പ്പന ചെയ്ത ആള്‍ട്ടോ ആറാമതാണ്. ഹ്യൂണ്ടായിയുടെ ബെസ്റ്റ് സെല്ലറായ ക്രെറ്റ 9,941 യൂണിറ്റ് വില്‍പ്പന നടത്തി ഏഴാമതെത്തി. എര്‍ട്ടിഗ എംപിവി, ഇക്കോ യൂട്ടിലിറ്റി വാന്‍ എന്നിവ യഥാക്രമം 9,920, 9,218 എന്നീ യൂണിറ്റ് വിറ്റഴിച്ച് എട്ടും ഒമ്പതും സ്ഥാനം നിലനിര്‍ത്തി. 2021 ജൂണില്‍ രാജ്യത്ത് 8,787 യൂണിറ്റ് വില്‍പ്പന നടത്തി ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ 10 നിയോസ് പത്താം സ്ഥാനം നേടി.