Kerala
മുട്ടില്‍ മരംമുറി; പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു, ജുഡീഷ്യല്‍ അന്വേഷണം വേണം: കെ മുരളീധരന്‍

കോഴിക്കോട് | മന്ത്രിമാര്‍ അറിഞ്ഞുകൊണ്ടാണ് മുട്ടില്‍ മരംമുറി നടന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കെ മുരളീധരന്‍ എം പി. വനം, റവന്യൂ വകുപ്പുകളുടെ തികഞ്ഞ അശ്രദ്ധ മരമുറിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. സി പി ഐയുടെ അറിവോടെയാണ് മന്ത്രിമാര്‍ ഇക്കാര്യം കൈകാര്യം ചെയ്തത് എന്നതിനാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനം കൂടുതല്‍ വ്യവസായ സൗഹൃദമാക്കണമെന്നും വികസനത്തെ പുറംകാലു കൊണ്ട് തട്ടിയത് ശരിയല്ലെന്നും കിറ്റെക്‌സ് വിവാദത്തില്‍ പ്രതികരിക്കവേ മുരളീധരന്‍ പറഞ്ഞു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് കേസെടുത്തതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണ്. സ്വര്‍ണക്കടത്ത് കേസ് നിഷ്പക്ഷമായി അന്വേഷിച്ചാല്‍ ടി പി കേസിലെ യഥാര്‍ഥ പ്രതികള്‍ പുറത്തു വരും. കൊടകര കേസില്‍ കെ സുരേന്ദ്രന്‍ നിയമ സംവിധാനത്തെ വെല്ലുവിളിക്കുകയാണ്. വീരവാദം മുഴക്കാതെ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായി സത്യം തെളിയിക്കുകയാണ് വേണ്ടതെന്നും മുരളി പറഞ്ഞു. കൊവിഡില്‍ ആളുകള്‍ മരിക്കുന്നത് സര്‍ക്കാറിന്റെ കുറ്റമല്ല. എന്നാല്‍, വസ്തുതകള്‍ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും മുരളി പറഞ്ഞു.