National
റേഷന്‍ കേന്ദ്രങ്ങളില്‍ മോദിയുടെ ചിത്രംവെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബി ജെ പി നിര്‍ദേശം

ന്യൂഡല്‍ഹി | പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദേശം. അതത് സംസ്ഥാന മുഖ്യമന്ത്രിമാരുടെ ചിത്രവും ഉള്‍പ്പെടുത്താം. കൂടാതെ റേഷന്‍ വിതരണം ചെയ്യുന്ന ക്യാരി ബാഗുകളില്‍ താമര ചിഹ്നം പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സംസ്ഥാന ബി ജെ പി നേതൃത്വം ഉറപ്പാക്കണം. ക്യാരി ബാഗുകളില്‍ താമര ചിഹ്നം പതിക്കുന്നുണ്ടോയെന്ന് എം എല്‍ എമാരും ഉറപ്പാക്കണമെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് നിര്‍ദശിച്ചു.
ബി ജെ പി ഭരിക്കാത്ത സംസ്ഥാനങ്ങളിലും റേഷന്‍ ബാഗുകളില്‍ താമര ചിഹ്നം വെക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യണമെന്നും കത്തില്‍ പറയുന്നു. ഇത്തരം സംസ്ഥാനങ്ങളില്‍ ബാനറുകള്‍ മുഖ്യമന്ത്രിയുടെ ഫോട്ടോക്ക് പകരം മറ്റേതെങ്കിലും പ്രതിനിധികളുടെ ചിത്രം നല്‍കണമെന്നും നിര്‍ദേശമുണ്ട്.