Connect with us

Kerala

നിരവ് മോദിയുടെ സഹോദരി ലണ്ടനിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 17 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ വിചാരണ നേരിടുന്ന വജ്രവ്യാപാരി നിരവ് മോദിയുടെ സഹോദരി പൂര്‍വി മോദി ബ്രിട്ടണിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 17 കോടി രൂപ ഇന്ത്യക്ക് കൈമാറി. പിഎന്‍ബി വായ്പ തട്ടിപ്പ് കേസില്‍ സഹായം നല്‍കുന്നതിന് പകരമായി ഇവരെ മാപ്പുസാക്ഷിയാക്കിയതിന് പിന്നാലെയാണ് പണം കൈമാറിയത്.

പൂര്‍വി മോദിയുടെ പേരില്‍ ലണ്ടനിലെ ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയത്. ഈ പണം തന്റെതല്ലെന്നും നിരവിന്റെ നിര്‍ദേശപ്രകാരം തുറന്ന അക്കൗണ്ടാണ് ഇതെന്നും വ്യക്തമാക്കിയാണ് പൂര്‍വി മോദി പണം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. 23,16,889.03 യുഎസ് ഡോളര്‍ യുകെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

പൂര്‍വി മോദിയുടെ സഹകരണത്തോടെ നിരവ് ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് കേസില്‍ ഏകദേശം 17.25 കോടി രൂപ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുവെന്ന് ഇഡി വ്യക്തമാക്കി.

മുംബൈയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ രണ്ട് ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നീരവ് മോദി ഇപ്പോള്‍ യുകെ ജയിലില്‍ കഴിയുകയാണ്.

Latest