Kerala
മാത്യൂ കുഴല്‍നാടനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും: എം വിജിന്‍

കണ്ണൂര്‍ | പോക്സോ കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്ന മാത്യു കുഴല്‍നാടന്‍ എം എല്‍ എക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് എം വിജിന്‍ എം എല്‍ എ. ജനപ്രതിനിധിക്ക് ചേര്‍ന്ന നടപടിയല്ല മാത്യൂ നടത്തുന്നത്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ഇരയ്ക്കൊപ്പം നില്‍ക്കേണ്ട ജനപ്രതിനിധി പ്രതിയെ സംരക്ഷിക്കാനാണ് നോക്കുന്നതെന്നും വിജിന്‍ പറഞ്ഞു.
അല്‍പ്പമെങ്കിലും നീതി ബോധം മാത്യു കുഴല്‍നാടനില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, ഷാനിനെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാവണമെന്ന് ഡി വെ എഫ് ഐ സംസ്ഥാന സെക്രട്ടറി എ റഹീം ആവശ്യപ്പെട്ടു. പോക്‌സോ കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒരു പോക്‌സോ പ്രതിക്കാന്‍ താന്‍ നിയമസഹായം നല്‍കുന്നത് മാത്യു കുഴല്‍നാടന് ഓര്‍മവേണം. പ്രതി എവിടെയുണ്ടെന്ന് വക്കീലിന് അറിയാമല്ലോയെന്നും റഹീം പറഞ്ഞു.
തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് പെണ്‍കുട്ടി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിമിഷം വരെ ഷാന്‍ മുഹമ്മദിനെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്നതാണോ സാര്‍ ക്രിയാത്മകരാഷ്ട്രീയം എന്ന് വി ഡി സതീശനോട് ഡി വൈ എഫ് ഐ ചോദിക്കുകയാണെന്നും റഹീം ചൂണ്ടിക്കാട്ടി.