First Gear
ഗ്രാവ്ടണ്‍ ക്വാണ്ട വിപണിയില്‍; വെറും 100 രൂപക്ക് ആയിരം കിലോമീറ്റര്‍ സുഖസവാരി!

ഹൈദരാബാദ് | ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ഗ്രാവ്ടണ്‍ മോട്ടോഴ്‌സ് തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് നിരത്തിലിറക്കി. ഗ്രാവ്ടണ്‍ ക്വാണ്ട എന്ന ഈ ഇലക്ട്രിക് ബൈക്കിന് നൂറ് കിലോമീറ്റര്‍ ഓടന്‍ ചിലവ് പത്ത് രൂപ മാത്രം. അതായത് 100 രൂപക്ക് ആയിരം കിലോമീറ്റര്‍ സുഖ സവാരി!
99,000 രൂപയാണ് ഗ്രാവ്ടണ്‍ ക്വാണ്ടയുടെ പ്രാരംഭ വില. ആദ്യത്തെ കുറച്ച് യൂണിറ്റുകളാണ് ഈ വിലയില്‍ വിറ്റഴിക്കുക. പിന്നീട് വില 1.1 ലക്ഷം മുതല്‍ 1.2 ലക്ഷം വരെ ആയി ഉയരും. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഫേം 2 സബ്‌സിഡി ലഭിക്കുന്നതോടെ വില വീണ്ടും 90,000 ആയി കുറയുമെന്നും കമ്പനി അവകാശപ്പെടുന്നു. ക്വാണ്ട ഇലക്ട്രിക് ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ഇപ്പോള്‍ ഹൈദരാബാദില്‍ മാത്രമാണ് ഇത് ലഭ്യമാകുക. വൈകാതെ മറ്റു സംസ്ഥാനങ്ങളിലും ക്വാണ്ട എത്തും.
പൂര്‍ണമായും തദ്ദേശീയമായാണ് ക്വാണ്ടയുടെ നിര്‍മാണം. ക്വാണ്ട ഇലക്ട്രിക് ബൈക്കിന്റെ ആര്‍ക്കിടെക്ചറും എഞ്ചിനീയറിംഗും പൂര്‍ണമായും മെയ്ഡ് ഇന്‍ ഇന്ത്യയാണെന്ന് കമ്പനി പറയുന്നു.
മൂന്ന് കിലോവാട്ട് ബിഎല്‍ഡിസി മോട്ടോറും 3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുമാണ് ഗ്രാവ്ടണ്‍ ക്വാണ്ടക്ക് കരുത്ത് പകരുന്നത്. ഒരൊറ്റ ചാര്‍ജിന് 150 കിലോമീറ്റര്‍ വരെ മൈലേജ് കമ്പനി അവകാശപ്പെടുന്നു. ഒരേസമയം രണ്ട് ബാറ്ററികള്‍ കൈവശം വെക്കാനുള്ള സൗകര്യവും ഇതിലുണ്ട്. അതായത്, ഒരു ചാര്‍ജിംഗില്‍ 320 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ബൈക്കിന് സാധിക്കും.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ക്വാണ്ടയ്ക്ക് കഴിയുമെന്നും 100 സിസി ബൈക്കിന് സമാനമായ പ്രകടനം ഇത് വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി പറയുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയിലൂടെ 90 മിനിറ്റിനുള്ളില്‍ ബൈക്കിന്റെ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാനാകും. സാധാരണ പവര്‍ സോക്കറ്റില്‍ നിന്ന് ചാര്‍ജ് ചെയ്യുമ്പോള്‍, പൂര്‍ണ്ണ ചാര്‍ജിംഗിന് 3 മണിക്കൂര്‍ എടുക്കും. ഗ്രാവ്ടണ്‍ ക്വാണ്ടയ്ക്ക് അഞ്ച് വര്‍ഷത്തെ ബാറ്ററി വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്.
ട്യൂണ്‍ഡ് സസ്‌പെന്‍ഷന്‍ പോലുള്ള സ്മാര്‍ട്ട് സവിശേഷതകള്‍ ഈ ബൈക്കിനുണ്ട്. 17 ഇഞ്ച് വലിയ ചക്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡ്, ഓള്‍എല്‍ഇഡി ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളുമുണ്ട്. ക്വാണ്ട സ്മാര്‍ട്ട് ആപ്പ് വഴി ബൈക്ക് ബന്ധിപ്പിക്കാന്‍ കഴിയും. റോഡ് സൈഡ് അസിസ്റ്റന്റ്, മാപ്പിംഗ് സര്‍വീസ് സ്റ്റേഷന്‍, വിദൂര ലോക്ക് / അണ്‍ലോക്ക്, ലൈറ്റുകള്‍ ഓഫ്, ഓണാക്കുക തുടങ്ങിയ സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്. ബൈക്ക് ട്രാക്കുചെയ്യുന്നതിനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്.