Connect with us

Fact Check

#FACTCHECK: കാലിയായ സിറിഞ്ച് ഉപയോഗിച്ച് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് രാജ്യത്ത് വ്യാപകമോ?

Published

|

Last Updated

കൊവിഡ് വാക്‌സിന്‍ എന്ന വ്യാജേന കാലിയായ സിറിഞ്ചുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ കുത്തിവെപ്പ് വ്യാപകമാണെന്ന പ്രചാരണം ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമുണ്ട്. ബിഹാറിലെ ശരണ്‍ ജില്ലയില്‍ വാക്‌സിന്‍ ഇല്ലാതെ കുത്തിവെച്ചതിന് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് പ്രചാരണങ്ങള്‍ ശക്തമായത്. വാദത്തിന് തെളിവായി നാല് വീഡിയോകളും പോസ്റ്റ് ചെയ്യുന്നു. ഇതിലെ സത്യാവസ്ഥയറിയാം:

പ്രചാരണം: കൊവിഡ് വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. കുത്തിവെക്കുന്ന ഭാഗത്തേക്ക് നോക്കാതിരിക്കരുത്. കാരണം മെഡിക്കല്‍ ജീവനക്കാര്‍ കാലിയായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കും. സിറിഞ്ചില്‍ വാക്‌സിന്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണം. ഈ പ്രതിസന്ധി കാലത്തും വലിയ കൊള്ളയാണ് നടക്കുന്നത്. ഈ വീഡിയോകള്‍ അതിന് തെളിവാണ്. (ഫേസ്ബുക്കിലെ പ്രചാരണത്തില്‍ നിന്ന്)

വസ്തുത: പ്രചരിക്കുന്ന വീഡിയോകളില്‍ മൂന്നെണ്ണവും വിദേശത്താണ്. ആദ്യ വീഡിയോ മെക്‌സിക്കോയില്‍ നിന്നുള്ളതാണ്. കാലിയായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ച നഴ്‌സിനെ പിന്നീട് പിരിച്ചുവിട്ടു. ഇക്വഡോറില്‍ നിന്നുള്ളതാണ് രണ്ടാമത്തെ വീഡിയോ. വൈറല്‍ വീഡിയോയിലെ നഴ്‌സിനെതിരെ അന്വേഷണം നടക്കുന്നതായി ഇക്വഡോര്‍ ആരോഗ്യ മന്ത്രി കാമിലോ സാലിനാസ് ട്വിറ്ററില്‍ അറിയിച്ചിരുന്നു. ബ്രസീലിലെ മാനൗസില്‍ നടന്ന സംഭവമാണ് മൂന്നാമത്തെ വീഡിയോയിലുള്ളത്. ഈ ആരോഗ്യ പ്രവര്‍ത്തകക്കെതിരെയും നടപടിയെടുത്തിരുന്നു. നാലാമത്തെ വീഡിയോ മഹാരാഷ്ട്രയിലെ പുണെക്ക് സമീപം മുകുന്ദ്‌നഗറിലെ രങ്ക ആശുപത്രിയില്‍ നിന്ന് ഒരു യുവാവ് എടുത്തതാണ്. തന്നെ കാലിയായ സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിവെച്ചതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍, താന്‍ തെറ്റിദ്ധരിച്ചതാണെന്നും കുത്തിവെക്കുമ്പോള്‍ വേദന അനുഭവപ്പെടാത്തതിനാലാണ് അങ്ങനെ തോന്നിയതെന്നും പറയുന്ന മറ്റൊരു വീഡിയോ ഇദ്ദേഹം തന്നെ പിന്നീട് പോസ്റ്റ് ചെയ്തു. പ്രസ്തുത വീഡിയോയില്‍ രങ്ക ആശുപത്രി സ്ഥാപകന്‍ ഡോ.മുകുന്ദ് രങ്കയുമുണ്ടായിരുന്നു.

ചുരുക്കം: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ തട്ടിപ്പ് കാണിക്കുന്നുവെന്നത് വ്യാജ പ്രചാരണമാണ്.