National
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍; ട്വിറ്ററിനെതിരെ ഡല്‍ഹിയില്‍ കേസ്

ന്യൂഡല്‍ഹി | കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ ഡല്‍ഹിയില്‍ കേസ്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. പുതിയ ഐ ടി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതക്ക് പിന്നാലെ രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ട ട്വിറ്ററിനെതിരെ ഫയല്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്. ഐ ടി – പോക്സോ നിയമങ്ങള്‍ പ്രകാരമുള്ളതാണ് പുതിയ കേസ്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ട്വിറ്ററില്‍ നിരന്തരം പോസ്റ്റു ചെയ്യപ്പെടുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്ലിന് രണ്ട് കത്തുകളയച്ച കമ്മീഷന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജൂണ്‍ 29 ന് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ പോസ്റ്റു ചെയ്യുന്നവയുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍നിന്നുള്ള പരിരക്ഷ ട്വിറ്ററിന് ഈ മാസം ആദ്യം നഷ്ടപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐ ടി ചട്ടങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.