Malappuram
ദേശീയ പാതയിലെ അപകടകരമായ റംപിള്‍ സ്ട്രിപ്പ് നീക്കം ചെയ്യണം: ടി വി ഇബ്രാഹീം എംഎല്‍എ

കൊണ്ടോട്ടി | കോഴിക്കോട് -പാലക്കാട് ദേശിയ പാതയില്‍ പുതുതായി സ്ഥാപിച്ച റംപിള്‍ സ്ട്രിപ്പ് യാത്രക്കാര്‍ക്ക് ഭീഷണിയാണെന്നും അവ മാറ്റുന്നതിന്ന് നടപടി സ്വീകരിക്കണമെന്നും കാണിച്ച് പൊതു മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ടി വി ഇബ്രാഹീം എം എല്‍ എ പരാതി നല്‍കി.
അശ്രദ്ധമായി വണ്ടി ഓടിക്കുന്നവര്‍ക്ക് വൈബ്രേഷനിലൂടെ ജാഗ്രത നിര്‍ദ്ദേശം ലഭിക്കാനാണ് റംപിള്‍ സ്ട്രിപ്പ് ഇട്ടിട്ടുള്ളത്. എന്നാല്‍ സാധാരണയുള്ളതിനേക്കാളും കട്ടി കൂടിയ വരകളാണ് ഉപയോഗിച്ചത്. ഇത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ അപകടമുണ്ടാകുന്നതായി വ്യാപക പരാതിയാണ് ഉയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇരു ചക്ര വാഹനങ്ങളും ആംബുലന്‍സുകളും ഇതിനകം അപകടത്തില്‍ പെട്ടിട്ടുണ്ട്. ഗര്‍ഭിണികളും രോഗികളും വാഹനങ്ങള്‍ സ്ട്രിപ്പില്‍ കയറുമ്പോള്‍ തെറിച്ച് വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിലവില്‍ സ്ഥാപിച്ചവ മാറ്റുന്നതിനും, പുതിയത് സ്ഥാപിക്കുന്ന പ്രവര്‍ത്തി അടിയന്തിരമായി നിര്‍ത്തിവെയ്ക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതായി എംഎല്‍എ അറിയിച്ചു.