Connect with us

National

രാമക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി തട്ടിപ്പ് എന്തുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്ന് ശിവസേന

Published

|

Last Updated

മുംബൈ | രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് ഇ ഡി, സി ബി ഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ നരേന്ദ്ര മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആവര്‍ത്തിച്ച് ശിവസേന. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ട്രസ്റ്റിന്റെ ഭൂമി തട്ടിപ്പുകള്‍ എന്തുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും ശിവസേന എം പി സഞ്ജയ് റാവത്ത് ചോദിച്ചു.

ബ്രിട്ടീഷ് രാജിന്റെ ഏകാധിപത്യത്തെ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ ഭയപ്പെട്ടിരുന്നില്ല. എന്നാല്‍, സ്വതന്ത്ര ഇന്ത്യയില്‍ കേന്ദ്ര ഏജന്‍സികളെ ഭയക്കേണ്ട ദുരവസ്ഥയാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്. ജയിലിലേക്കും തൂക്കുമരത്തിലേക്കും ധൈര്യസമേതമാണ് സ്വാതന്ത്ര്യസമര സേനാനികള്‍ നടന്നടുത്തത്. കേന്ദ്ര ഏജന്‍സികളുടെ പീഡനത്തിനും ദ്രോഹത്തിനും കീഴടങ്ങാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും ശിവസേനാ മുഖപത്രമായ സാമ്‌നയില്‍ റാവത്ത് എഴുതിയ ലേഖനത്തില്‍ പറയുന്നു.

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ ഇ ഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസും കേന്ദ്ര ഏജന്‍സികള്‍ തന്നെ പീഡിപ്പിക്കുന്നുവെന്ന ശിവസേനാ എം എല്‍ എ പ്രതാപ് സര്‍നായ്കിന്റെ ആരോപണവുമാണ് റാവത്തിന്റെ രൂക്ഷ പ്രതികരണത്തിന് കാരണം. ബി ജെ പിയുമായി ശിവസേന ബന്ധം പുനഃസ്ഥാപിച്ചാല്‍ തനിക്കെതിരെയുള്ള പീഡനം അവസാനിക്കുമെന്ന് പ്രതാപ് സര്‍നായ്ക് ഈയടുത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തെഴുതിയിരുന്നു.

ചംബല്‍ കൊള്ളക്കാരനെന്ന പോലെയാണ് അനില്‍ ദേശ്മുഖിന്റെ വീട് കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തിയതെന്ന് റാവത്ത് പരിഹസിച്ചു. സംസ്ഥാന സര്‍ക്കാറുകളെ മാനിക്കാതെയാണ് കേന്ദ്ര ഏജന്‍സികള്‍ പെരുമാറുന്നത്. മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരമാവധി ദ്രോഹിക്കണമെന്ന് പറഞ്ഞേല്‍പ്പിച്ചതുപോലെയാണ് അവരുടെ പെരുമാറ്റമെന്നും റാവത്ത് ആരോപിച്ചു.

Latest