Kerala
ഗുലാം നബിയെ തമിഴ്‌നാട്ടില്‍ നിന്നും കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയക്കണം: ഡി എം കെ

ചെന്നൈ | തമിഴ്നാട്ടില്‍ സഖ്യധാരണ പ്രകാരം കോണ്‍ഗ്രസിന് നല്‍കുന്ന രാജ്യസഭാ സീറ്റിലേക്ക് മുതിര്‍ന്ന പാര്‍ലിമെന്റേറിയനും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡി എം കെ. എന്നാല്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് രാജ്യസഭയിലെ മുന്‍പ്രതിപക്ഷ നേതാവിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ ഡാറ്റ അനലറ്റിക്സ് വിഭാഗം ചെയര്‍മാനായ പ്രവീണ്‍ ചക്രവര്‍ത്തിയെ സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയുന്ന ഗുലാംനബി രാജ്യസഭയില്‍ ഉണ്ടാകണമെന്ന താത്പര്യം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതായാണ് വിവരം.
നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്ന ജി-23 എന്നറിയപ്പെടുന്ന വിമത നേതാക്കളില്‍ ഒരാളായിരുന്നു ആസാദ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുലാം നബി ആസാദിന്റെ രാജ്യസഭ കാലാവധി കഴിഞ്ഞിരുന്നിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ പ്രധാന പദവികളില്‍ നിന്ന് തഴയുകയായിരുന്നു കോണ്‍ഗ്രസ്.