Kerala
ജോസഫൈന്റെ വിവാദ പരാമര്‍ശം: സി പി എം സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം | പരാതി പറഞ്ഞ സ്ത്രീയോട് മോശമായി പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നടപടി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. ജോസഫൈനെ പുറത്താക്കണമെന്ന ആവശ്യം ശക്താമാണ്. പാര്‍ട്ടി അണികള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിഷയം ഉന്നയിച്ച് കഴിഞ്ഞു. നേതൃത്വത്തിന് ഇടയിലും സമാന അഭിപ്രായമാണുള്ളത്.
വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ജോസഫൈനെ വഴിയില്‍ തടയുമെന്ന് കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്നത്തെ സി പി എം സെക്രട്ടേറിയറ്റ് നിര്‍ണായകമാകും. ജോസഫൈന്റെ വിശദീകരണം കേട്ട ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് പാര്‍ട്ടിയുള്ളത്. അടിക്കടി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവന നടത്തുന്ന ജോസഫൈനെതിരെ നടപടിയുണ്ടാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വനിതാ കമ്മീഷന് കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പരാതി നല്‍കിയിട്ടുണ്ട്. സി പി ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ ഐ എസ് എഫ് ജോസഫൈനെ പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.