Kerala
കെ മുരളീധരനെ തീണ്ടാപ്പാടകലെ നിര്‍ത്താന്‍ സുധാകരന്‍; മുന്‍ പ്രസിഡന്റെന്ന പദവി നല്‍കേണ്ടെന്ന് ധാരണ

കോഴിക്കോട് | കെ പി സി സി മുന്‍ പ്രസിഡന്റ് എന്ന പദവി കെ മുരളീധരനു നല്‍കേണ്ടെന്ന് പുതിയ കെ പി പി സി സി പ്രസിഡന്റ് കെ സുധാകരന്റെ തീരുമാനം. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ എല്ലാ ഉയര്‍ന്ന സമിതികളുടെ യോഗത്തിലും കെ പി സി സി മുന്‍ പ്രസിഡന്റുമാര്‍ക്ക് പങ്കെടുക്കാമെന്നതാണ് കീഴ്‌വഴക്കം. ഒരിക്കല്‍ കെ പി സി സി പ്രസിഡന്റായവര്‍ ഒരു സ്ഥാനവും ഇല്ലാത്ത അവസ്ഥയിലെത്തിയാലും ഈ സവിശേഷ അധികാരം ഉപയോഗിച്ച് നിര്‍ണായക ബോഡികളിലെല്ലാം പങ്കാളികളാകുന്ന പതിവുണ്ട്.
കെ മുരളീധരന് ഈ സവിശേഷാധികാരം വകവച്ചു കൊടുത്താല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് പ്രമുഖ ഗ്രൂപ്പുകളെ നയിക്കുന്ന രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സുധാകരനെ ഉപദേശിച്ചു എന്നാണു സൂചന. സുധാകരന്‍ ലക്ഷ്യമിട്ടപോലെ പാര്‍ട്ടിയെ അര്‍ധ കേഡര്‍ പാര്‍ട്ടിയാക്കി മാറ്റാന്‍ തങ്ങള്‍ പിന്‍തുണക്കാമെന്ന് ഇരു ഗ്രൂപ്പുകളും വാക്കാല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ ഉറപ്പിനൊപ്പമാണ് കെ മുരളീധരനെ തീണ്ടാപ്പാടകലെ നിര്‍ത്തണമെന്ന നിര്‍ദ്ദേശവും ഉണ്ടായതെന്നാണു വിവരം.
കെ സുധാകരനും വി ഡി സതീശനും കെ സി വേണുഗോപാലും ചേര്‍ന്ന പുതിയ അധികാര കേന്ദ്രം കേരളത്തില്‍ രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ ഇവരോട് എതിര്‍പ്പുള്ള വലിയൊരു വിഭാഗം പാര്‍ട്ടിയിലുണ്ട്. എന്നാല്‍ സുധാകരന്റെ നീക്കത്തിനു കീഴടങ്ങിക്കൊടുക്കുന്ന ചെന്നിത്തല, ഉമ്മന്‍ചാണ്ടി നേതൃത്വത്തെ ഈ വിഭാഗത്തിനു മടുത്തു കഴിഞ്ഞു. സുധാകരന്‍ വിരുദ്ധമായ ഒരു ചേരിക്കുവേണ്ടി ദാഹിക്കുന്ന ഈ വിഭാഗം കെ മുരളീധരനിലാണ് രക്ഷകനെ കാണുന്നത്.
നിലവില്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായി നില്‍ക്കുന്ന മുരളീധരന്‍, പിതാവ് കെ കരുണാകരന്റെ പാരമ്പര്യത്തില്‍ കേരളത്തിലെ ലീഡര്‍ പദവിയില്‍ എത്താന്‍ അവസരം കാത്തിരിക്കുകയാണെന്നാണ് നേതാക്കള്‍ ഭയക്കുന്നത്. അതിനാലാണ് മുന്‍ കെ പി സി സി പ്രസിഡന്റ് എന്ന പദവി നല്‍കി മുരളീധരനെ ഉയര്‍ത്തരുത് എന്ന് ഇവര്‍ ധാരണയുണ്ടാക്കിയത്. നിലവിലുള്ള വടകര എം പി എന്ന പദവയില്‍ മുരളീധരനെ നിലനിര്‍ത്തിയാല്‍ മതിയെന്നാണ് ഇവരുടെ തീരുമാനം.
കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായ ശേഷം മുരളീധരന്‍ നടത്തിയ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കെ സുധാകരന് കനത്ത തിരിച്ചടിയായിരുന്നു. കേരളത്തില്‍ ബി ജെ പി മുഖ്യ ശത്രുവല്ലെന്ന കെ സുധാകരന്റെ പ്രസ്താവനയെ രാഷ്ട്രീയമായി നേരിട്ട കോണ്‍ഗ്രസ്സിലെ ഏക നേതാവാണ് കെ മുരളീധരന്‍. ബി ജെ പിയോട് മൃദുസമീപനം കാണിക്കുന്നുവെന്ന ദുഷ്‌പ്പേര് കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക് കാരണമായതെന്നും സംസ്ഥാന കാര്യങ്ങളില്‍ മാത്രം അഭിപ്രായങ്ങളും സമരങ്ങളും ഒതുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്ന പ്രചാരണം ദോഷം ചെയ്തു. ഇതാണ് ന്യൂനപക്ഷങ്ങളെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരായ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയം രൂക്ഷമായി മുന്നോട്ട് പോവുകയാണ്. അഖിലേന്ത്യാ തലത്തില്‍ ബി ജെ പിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം. കോണ്‍ഗ്രസിന്റെ ബി ജെ പിക്കെതിരായ ആക്രമണം പോരെന്ന് കരുതിയാണ് ന്യൂനപക്ഷം പാര്‍ട്ടിയെ കൈവിട്ടത്. പിണറായി ഈ അവസരം മുതലെടുത്തു തുടങ്ങിയ വിശകലനങ്ങളും മുരളീധരന്‍ മുന്നോട്ടു വച്ചു. കെ സുധാകരന് ഗ്രൂപ്പില്ലാത്തത് നന്നായി. പക്ഷെ ഇതിന്റെ പേരില്‍ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത് എന്ന സുപ്രധാന നിര്‍ദ്ദേശവും അദ്ദേഹം അവതരിപ്പിച്ചിരുന്നു.
ഇതെല്ലാം കെ മുരളീധരനെ ദൂരെ നിര്‍ത്താന്‍ സുധാകരനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ് സുധാകരന്‍ പ്രസിഡന്റായ ശേഷം ആദ്യമായി നടന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ നിന്ന് കെ മുരളീധരന്‍ വിട്ടു നിന്നത്. യോഗം ചേരുന്നതിനു മുമ്പ് പ്രധാന നേതാക്കളുമായി കെ സുധാകരന്‍ നടത്തിയ ചര്‍ച്ചയിലേക്ക് കെ മുരളീധരനെ വിളിച്ചിരുന്നില്ല.
ഉമ്മന്‍ ചാണ്ടിക്കും മുല്ലപ്പള്ളിക്കും രമേശ് ചെന്നിത്തലക്കും കെ മുരളീധരന്‍ അനഭിമതനാകാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും ഒടുവില്‍ അവരെ പ്രകോപിപ്പിച്ചത് കഴിഞ്ഞ തദ്ദേശ ഭരണത്തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു കനത്ത പരാജയമുണ്ടായപ്പോള്‍ “മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ” എന്ന ആവശ്യമുന്നയിച്ചുള്ള പോസ്റ്റര്‍ തൃശൂരിലും കോഴിക്കോട്ടും വ്യാപകമായി പ്രത്യക്ഷപ്പെട്ടതാണ്. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു കമ്മിറ്റികളുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഇത്തരം പോസ്റ്ററുകള്‍ ആവശ്യപ്പെട്ടത് കെ മുരളീധരനെ കെ പി സി സി പ്രസിഡന്റാക്കണമെന്നായിരുന്നു.
അന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍ രൂക്ഷമായ പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തിയത് യുവ വിഭാഗങ്ങളില്‍ വലിയ ആവേശം പടര്‍ത്തിയിരുന്നു. അന്നത്തെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെയായിരുന്നു മുരളീധരന്‍ രംഗത്തെത്തിയത്.
“എന്തായാലും ജയിക്കും, എന്നാല്‍ പിന്നെ ഒതുക്കേണ്ടവരെയൊക്കെ ഒതുക്കാം” എന്ന് ചിലര്‍ കരുതിയെന്നും അതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് തിരഞ്ഞെടുപ്പു ഫലമെന്നും മുരളീധരന്‍ തുറന്നടിച്ചിരുന്നു. അടുത്ത കാലത്ത് പൊതുവെ മൗനം പാലിക്കുന്ന കെ മുരളീധരന്‍ ഇടക്കെപ്പോഴെക്കിലും സംസാരിക്കുമ്പോള്‍ അതു നേതൃത്വത്തിലെ പലരേയും മുറിവേല്‍പ്പിക്കുന്നതായിരുന്നു.
തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് കോണ്‍ഗ്രസ്സിന്റെ രോഗം മാറില്ല, മേജര്‍ സര്‍ജറി വേണമെന്നും ആദ്യം പ്രതികരിച്ചത് കെ മുരളീധരനാണ്. ഇപ്പോള്‍ ഒരു മേജര്‍ സര്‍ജറി നടത്തിയില്ലെങ്കില്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥ വരുമെന്നും അതുകൊണ്ട് തന്നെ ഒരു കൂട്ടായ ആലോചന നടത്തണമെന്നുമായിരുന്നു അന്നു മുരളീധരന്‍ പറഞ്ഞത്.
രാഷ്ട്രീയകാര്യ സമിതിയെ വിശ്വാസത്തിലെടുക്കുക, ജംബോ കമ്മിറ്റി പിരിച്ചുവിടുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആദ്യമായി പരസ്യമായി ഉന്നയിച്ചതും മുരളീധരനായിരുന്നു. ജംബോ കമ്മിറ്റികള്‍ ഭാരമാണെന്നും കെ പി സി സി ഓഫീസില്‍ മുറി അടച്ചിരുന്ന് മൂന്നോ നാലോ നേതാക്കന്മാര്‍ ചര്‍ച്ച നടത്തിയാണു തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.