International
യൂറോ കപ്പ്: ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍
ബുഡാപെസ്റ്റ് | യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ നിന്ന് ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. വ്യാഴാഴ്ച നടന്ന ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരവും ജര്‍മനി-ഹംഗറി മത്സരവും 2-2 സമനിലയില്‍ കലാശിച്ചു. ഇതോടെ ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തി. ജര്‍മനി രണ്ടാം സ്ഥാനക്കാരായും പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനക്കാരായും മുന്നേറി.
ഫ്രാന്‍സിനെതിരെ പോര്‍ച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. പെനാല്‍റ്റി ഗോളിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍ നേടിയത്. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് പോര്‍ച്ചുഗീസ് മധ്യനിര താരം ഡാനിലോ പെരേരയെ കൈകൊണ്ട് തലയ്ക്ക് ഇടിച്ചതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഫ്രാന്‍സിന്റെ മറുപടി ഗോളും മറ്റൊരു പെനാല്‍റ്റി കിക്കിലൂടെയായിരുന്നു.
47-ാം മിനിറ്റില്‍ ബെന്‍സേമയിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡെടുത്തു. പോള്‍ പോഗ്ബയുടെ ത്രൂബോള്‍ ബെന്‍സേമ ഗോളാക്കിമാറ്റി. 60-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ പോര്‍ച്ചുഗല്‍ ഒപ്പമെത്തി. ഫ്രഞ്ച് പ്രതിരോധതാരം ജുലെസ് കൗണ്ടെയുടെ കയ്യില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. റൊണാള്‍ഡോ ഒരിക്കല്‍കൂടി വല കുലുക്കി.
ജര്‍മനിയെ വിറപ്പിച്ച ശേഷമാണ് ഹംഗറി നോക്കൗട്ട് കാണാതെ പുറത്തായത്. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് ഹംഗറി സമനില വഴങ്ങിയത്. പതിനൊന്നാം മിനിറ്റില്‍ ആദം സലൈയിലൂടെ ഹംഗറി ആദ്യം ലീഡെടുത്തത്. 66-ാം മിനിറ്റില്‍ കയ് ഹാവെര്‍ട്സിലൂടെ ജര്‍മനി തിരിച്ചടിച്ചു.
എന്നാല്‍ രണ്ടു മിനിറ്റുകള്‍ക്കകം ഹംഗറി രണ്ടാം ഗോളും നേടി. ആന്ദ്രാസ് ഷഫറാണ് ഗോള്‍ നേടിയത്. തോല്‍വി മുന്നില്‍ കണ്ട ജര്‍മനിയെ 84-ാം മിനിറ്റില്‍ ലിയോണ്‍ ഗൊരട്സകയാണ് രക്ഷപെടുത്തിയത്. ഇതോടെ ജര്‍മനി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. നാലാം സ്ഥാനക്കാരായി ഹംഗറി പുറത്തേക്കും




