Connect with us

Kerala

ബത്തേരിയില്‍വെച്ച് ജാനുവിന് 25 ലക്ഷം വേറെയും ലഭിച്ചു: പ്രസീത

Published

|

Last Updated

കണ്ണൂര്‍ |  ആദ്യം നല്‍കിയ പത്ത് ലക്ഷത്തിന് പുറമെ ബത്തേരിയില്‍വെച്ച് സി കെ ജാനുവിന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 25 ലക്ഷം കൂടി നല്‍കിയതായി ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട്. ഇത് സംബന്ധിച്ച് താന്‍ ഇന്നലെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രസീത ഒരു ചാനലിനോട് പ്രതികരിച്ചു. ബി ജെ പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തിയാണ് ജാനുവിന് പണം കൈമാറിയത്. കെ സുരേന്ദ്രനുമായുള്ള ഫോണ്‍സംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയത്.

പ്രശാന്ത് മലയവയല്‍ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതില്‍ മുകളില്‍ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നായിരുന്നു മറുപടി. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ സി കെ ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞു.

അതിനിടെ ജാനുവിന് പണം നല്‍കിയത് ആര്‍ എസ് എസ് നേതൃത്വത്തിന്റേയും ബി ജെ പി സംഘടനാ സെക്രട്ടറി ഗണേഷിന്റേയും അറിവോടെയാണെന്നതിനുള്ള തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്ന പുതിയ ശബ്ദരേഖയിലുണ്ട്. ഇത് സംബന്ധിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പുറത്തുവന്ന പുതിയ ഫോണ്‍ സംഭാഷണങ്ങള്‍ തന്റേത് തന്നെയെന്ന് പ്രസീത സ്ഥിരീകരിച്ചിട്ടുണ്ട്.

ഗണേഷ് വിളിച്ചിട്ട് സി കെ ജാനു തിരിച്ചുവിളിച്ചില്ലേ എന്ന് പ്രസീതയോട് കെ സുരേന്ദ്രന്‍ ചോദിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഞാന്‍ ഇന്നലെതന്നെ അത് വിളിച്ച് ഏര്‍പ്പാടാക്കിയിരുന്നു. എങ്ങനെയാണ്, എവിടെയാണ് എത്തേണ്ടത്, എങ്ങനെയാണ് വാങ്ങിക്കുന്നത് എന്ന് ചോദിക്കാന്‍ വേണ്ടിയായിരിക്കും അദ്ദേഹം വിളിച്ചിട്ടുണ്ടാകുക. 25 തരാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ആവശ്യത്തിന്. അത് മനസ്സിലായല്ലോ. നിങ്ങളുടെ പാര്‍ട്ടിയുടെ ആവശ്യത്തിനുവേണ്ടി 25 തരാന്‍ ഗണേശ്ജിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതു തരും. ബാക്കികാര്യങ്ങള്‍ അവിടത്തെ മണ്ഡലം പാര്‍ട്ടിക്കാരാണ് ചെയ്യുന്നത്. നിങ്ങളുടെ പാര്‍ട്ടിക്കാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക. സി കെ ജാനുവിനോട് തിരിച്ചുവിളിക്കാന്‍ പറയൂ. ഗണേഷ്ജി ആരാണെന്ന് അവര്‍ക്ക് മനസ്സിലായില്ലേ. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് അദ്ദേഹം എന്നു പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിക്കുന്നത്.

 

Latest