Connect with us

Kerala

ഭര്‍തൃവീട്ടില്‍ പീഡനം സഹിച്ച് കഴിയേണ്ടവളല്ല ഭാര്യ; കൊടുത്ത സത്രീധനത്തിന്റെ കണക്കാകരുത് കുടുംബ മഹിമയുടെ അളവുകോല്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഭര്‍തൃവീട്ടില്‍ പീഡനം സഹിച്ച് കഴിയേണ്ടവളാണ് ഭാര്യയെന്ന ചിന്ത പെണ്‍കുട്ടികളുടെ മനസില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. നല്‍കിയ സ്ത്രീധനത്തിന്റെ കണക്കാകരുത് കടുംബത്തിന്റെ മഹിമയുടെ അളുവുകോല്‍ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി കുറിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ പീഡനവും ജീവഹാനിയും തുടരുന്ന നാടാണ് നമ്മുടേത് എന്ന യാഥാര്‍ത്ഥ്യം അതീവ ഖേദകരമാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളില്‍ പഴുതുകളടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രിയുടെ പോസ്റ്റിലുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

സ്ത്രീധനത്തിന്റെ പേരില്‍ പീഡനവും ജീവഹാനിയും തുടരുന്ന നാടാണ് നമ്മുടേത് എന്ന യാഥാര്‍ത്ഥ്യം അതീവ ഖേദകരമാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളില്‍ പഴുതുകളടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കും.
രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറു പതിറ്റാണ്ട് പിന്നിട്ടു. എന്നിട്ടും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുകയാണ്. സാമൂഹ്യവിപത്തായി കണ്ട് അഭിസംബോധന ചെയ്യേണ്ട ഗൗരവതരമായ വിഷയമാണ് സ്ത്രീധനവും ഗാര്‍ഹിക പീഡനവും. സ്ത്രീ-പുരുഷ ഭേദമെന്യേ, ഭര്‍ത്താവിന്റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ ഉള്ള വ്യത്യാസം കൂടാതെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാന്‍ നമുക്കാവണം.
കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം. നല്‍കിയ സ്ത്രീധനത്തിന്റെ കണക്കാകരുത് കുടുംബത്തിന്റെ മഹിമയുടെ അളവുകോല്‍. അങ്ങനെ ചിന്തിക്കുന്നവര്‍ പെണ്‍കുട്ടികളെ വില്‍പ്പനചരക്കാക്കി മാറ്റുകയാണ് എന്നോര്‍ക്കണം. വിവാഹത്തെയും കുടുംബജീവിതത്തെയും ആ വിധത്തിലുള്ള വ്യാപാര കരാറായി തരംതാഴ്ത്തരുത്.
വീടിനുള്ളിലെ ചര്‍ച്ചകള്‍ പോലും ഇക്കാര്യത്തില്‍ വലിയ സ്വാധീനം മക്കളില്‍ ചെലുത്തും എന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എന്തെങ്കിലുമൊക്കെ പാരിതോഷികം ലഭിക്കേണ്ടത് അവകാശം ആണെന്ന ചിന്ത ആണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കരുത്. ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരികവും മാനസികവുമായ പീഡനവും സഹിച്ചു കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെണ്‍കുട്ടികളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കരുത്. ഇവ രണ്ടും പുരുഷാധിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല സഹവര്‍ത്തിത്വമാണ് ആവശ്യം.
ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധജഡിലങ്ങളായ കാഴ്ചപ്പാടുകള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുകയും അരുത്. സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ നമ്മുടെ സമൂഹത്തിന് ആവശ്യമായ കാലമാണിത്.
അതിനുതകുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. ആധുനിക സമൂഹമെന്ന നിലയ്ക്ക് ലിംഗപരമായ ഉച്ചനീചത്വങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ല എന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കും ഉണ്ട്. അതിനുതകുന്ന ബാലപാഠങ്ങള്‍ കുടുംബത്തില്‍ നിന്നു തന്നെ ആരംഭിക്കണം. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും ഒക്കെ അത്തരത്തിലുള്ള കാഴ്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും. യുവജന സംഘടനകള്‍ ഈ വിഷയം ഗൗരവപൂര്‍വ്വം ഏറ്റെടുത്ത് ബോധവല്‍ക്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഇത്തരം അനീതികള്‍ തുടച്ചു നീക്കുമെന്ന് നമ്മള്‍ ഉറപ്പിക്കണം.