National
പന്ത്രണ്ടാം ക്ലാസ് പരീക്ഷ; സി ബി എസ് ഇ-ഐ സി എസ് ഇ ഫോര്‍മുല അംഗീകരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി | പന്ത്രണ്ടാം ക്ലാസ് പരീക്ഷക്കുള്ള സി ബി എസ് ഇ-ഐ സി എസ് ഇ ഫോര്‍മുല അംഗീകരിച്ച് സുപ്രീം കോടതി. പരീക്ഷ എഴുതണോ ഫോര്‍മുല അംഗീകരിക്കണോ എന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനമെടുക്കാം. പരീക്ഷ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം നല്‍കും. പരീക്ഷ എഴുതാന്‍ തീരുമാനിച്ചാല്‍ ഇന്റേണല്‍ അസസ്‌മെന്റ് പരിഗണിക്കില്ല. മൂന്ന് വര്‍ഷത്തെ പ്രകടനം കണക്കാക്കിയുള്ള ഫലവും പരീക്ഷാ ഫലവും ഒരു ദിവസം തന്നെ പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കാമെന്നും കോടതി പറഞ്ഞു. ഫലം വന്ന ശേഷമേ യു ജി സി പ്രവേശന നടപടികള്‍ ആരംഭിക്കൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കിയിട്ടില്ലെന്നത് സംബന്ധിച്ച ഹരജിയിലും കോടതി വാദം കേട്ടു. പരീക്ഷ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് കേരളം അറിയിച്ചു. ആന്ധ്രപ്രദേശും പരീക്ഷ റദ്ദാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരീക്ഷയുടെ കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കണമെന്നും പരീക്ഷ നടത്തി പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം കേരളത്തിന് മാത്രമായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസ് മറ്റന്നാളത്തേക്ക് മാറ്റിയിട്ടുണ്ട്.