Connect with us

Covid19

മൂന്ന് ഡോസ് അബ്ഡാല വാക്സീന്‍ കൊവിഡ് 19ന് 92.28 ശതമാനം ഫലപ്രദമെന്ന് ക്യൂബ

Published

|

Last Updated

ഹവാന | കൊവിഡ്19 ന് അബ്ഡാല വാക്സിന്‍ മൂന്ന് ഡോസ് 92.28 ശതമാനം ഫലപ്രദമാണെന്ന് ക്യൂബ. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ് ഇത് തെളിയിക്കപ്പെട്ടതെന്നും ക്യൂബന്‍ അധികൃതര്‍ വ്യക്തമാക്കി. ക്യൂബയുടെ മറ്റൊരു ആഭ്യന്തര വാക്സീനായ സൊബെരാന 2 അറുപത്തിരണ്ട് ശതമാനം ഫലപ്രദമാണെന്ന് തെളിയിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം കൂടി വന്നത്. സര്‍ക്കാര്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ബയോക്യൂഫാര്‍മയാണ് സൊബെരാന 2 വാക്സീന്റെ ഉത്പാദകര്‍. സെന്റര്‍ ഫോര്‍ ജനിറ്റിക് എന്‍ജിനീയറിംഗ് ആന്‍ഡ് ബയോടെക്നോളജിയാണ് അബ്ഡാല വാക്സിന്റെ നിര്‍മാതാക്കള്‍. രണ്ട് വാക്സീനുകള്‍ക്കും ഉടന്‍ തന്നെ പ്രാദേശിക റെഗുലേറ്റര്‍മാര്‍ അടിയന്തര അധികാരം നല്‍കുമെന്നാണ് വിവരം.

ബയോടെക് മേഖലയില്‍ പതിറ്റാണ്ടുകളായി വാക്സീനുകള്‍ കയറ്റുമതി ചെയ്യുന്ന ക്യൂബയില്‍ അഞ്ച് കൊറോണ വൈറസ് വാക്സീന്‍ കാന്‍ഡിഡേറ്റുകളുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണത്തിലുള്ള ക്യൂബ വിദേശ വാക്സീനുകള്‍ ഇറക്കുമതി ചെയ്യാനല്ല, മറിച്ച് സ്വന്തമായി ഉത്പാദിപ്പിക്കാനാണ് ശ്രമിക്കുന്നത്. അര്‍ജന്റീന, ജമൈക്ക, മെക്സിക്കോ, വിയത്നാം, വെനസ്വേല തുടങ്ങി നിരവധി രാജ്യങ്ങള്‍ ക്യൂബയുടെ വാക്സീനുകള്‍ വാങ്ങാന്‍ ഇതിനോടകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി ഇറാന്‍ ഈ വര്‍ഷം ആദ്യം സൊബെരാന 2 ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ക്യൂബയിലെ അധികാരികള്‍ തദ്ദേശ നിര്‍മിത
വാക്സീനുകള്‍ രാജ്യത്ത് നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ വൈറസിന്റെ വ്യാപനം മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ 11.2 ദശലക്ഷം നിവാസികളില്‍ ഒരു ദശലക്ഷം പേര്‍ക്ക് ഇതുവരെ വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. ഒരു മാസം മുമ്പ് വാക്സിനേഷന്‍ പ്രചാരണം ആരംഭിച്ചതു മുതല്‍ തലസ്ഥാനമായ ഹവാനയില്‍ ദിവസേനയുള്ള കേസുകള്‍ പകുതിയായി കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ക്യൂബയില്‍ 1,69,365 കൊവിഡ് കേസുകളും 1,170 മരണങ്ങളുംമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

---- facebook comment plugin here -----

Latest