Connect with us

Socialist

ദാവീദിന്റെ വാല്യക്കാര്‍

Published

|

Last Updated

സി ദാവൂദ്

രിസാലയില്‍ ജോലി തുടങ്ങിയ കാലം. ഡസ്‌കില്‍ അബ്ദുര്‍റസാഖ് ദാരിമി, മുഹമ്മദ് പാറന്നൂര്, അലി അശ്റഫ്, അഡ്വ. സമദ് പുലിക്കാട് തുടങ്ങിയവരൊക്കെയുണ്ട്. അന്നൊരിക്കല്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് വാരികയില്‍ ഒരു ലേഖനം വന്നു. “ജമാഅത്തെ ഇസ്ലാമി മതേതരത്വം എണ്ണ പാര്‍ന്നു കത്തിക്കുന്നു” എന്നോ മറ്റോ ആയിരുന്നു ഹെഡ്ഡിംഗ് എന്നാണോര്‍മ. ലേഖനം ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് നല്ലോണം കൊണ്ടു. രിസാല പൊതു വായനക്കാര്‍ക്കിടയില്‍ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്ന ഘട്ടമാണ്. അത് എഴുതിയ ആളെ തെരഞ്ഞ് ഓഫീസില്‍ ഒരാള്‍ വന്നു. എഴുതിയ ആളെ കാണണം എന്നായി ആഗതന്‍. സത്യത്തില്‍ എഴുതിയ ആള്‍ അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വരും എന്ന് പറഞ്ഞെങ്കിലും അതിന് കാത്തുനില്‍ക്കാതെ അയാള്‍ കുതര്‍ക്കങ്ങള്‍ തുടങ്ങി. സിവിക് ചന്ദ്രനാണ് എഴുതിയത്, പേര് മാറ്റി എഴുതിയതാണ് എന്നായിരുന്നു മുഖ്യമായ വാദം. തര്‍ക്കം മൂത്തു. പിന്നെ തര്‍ക്കം ഉപദേശത്തിന് വഴിമാറി. “നമ്മുടെ ആളുക”ളെ കൊണ്ടല്ലാതെ ലേഖനം എഴുതിപ്പിക്കരുത് ആദിയായ നസ്വീഹത്തുകള്‍. എഴുതിയ ആള്‍ വരാന്‍ കാത്തുനില്‍ക്കാതെ അയാള്‍ പോകുകയും ചെയ്തു. വന്ന ചെറുപ്പക്കാരന്റെ പേര് ദാവൂദ് എന്നായിരുന്നു.

ഏതാണ്ട് ഇതേ കാലത്ത് തന്നെയാണ് കോഴിക്കോട്ട് മുസ്ലിം പ്രസിദ്ധീകരണങ്ങുടെ കൂട്ടായ്മ “മീഡിയാ ഫോറം” രൂപവത്കരിക്കുന്നത്. അഭിപ്രായങ്ങളൊക്കെ നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ക്ക് അജന്‍ഡ രൂപവത്കരിക്കുക, ഐക്യത്തില്‍ മുന്നോട്ട് പോകുക, പ്രസിദ്ധീകരണങ്ങള്‍ക്ക് ഒരു നവോന്മേഷം ഉണ്ടാക്കുക എന്നൊക്കെയായിരുന്നു പുറമേക്ക് പറഞ്ഞിരുന്ന ലക്ഷ്യങ്ങള്‍. ക്ലാസെടുക്കല്‍, പരിശീലനപരിപാടി, പ്രസിദ്ധീകരണങ്ങളെ വിലയിരുത്തല്‍ ഒക്കെ നടന്നു. അത് ഉഷാറായി, ഈ ലക്കം കുറച്ചുകൂടി മെച്ചമാണ്, അങ്ങനെയാണ് പോകേണ്ടത്, ഇങ്ങനെയാണ് നിലപാട് എടുക്കേണ്ടത് എന്നൊക്കെ ജമാഅത്ത് ബുദ്ധിജീവിളും എഡിറ്റര്‍മാരും പ്രസംഗിക്കുകയും അഭിപ്രായം പറയുകയും ചെയ്യും. മുസ്ലിം പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം നിര്‍ണയിക്കുകയോ അതില്‍ സ്വാധീനം ചെലുത്തുകയോ ഒക്കെയായിരുന്നു ഈ ഫോറത്തിന്റെ ലക്ഷ്യമെന്ന് മെല്ലെമെല്ല വ്യക്തമായി. സമുദായത്തിന് പുറത്തുള്ള എഴുത്തുകാര്‍ മുസ്ലിം പ്രസിദ്ധീകരണങ്ങളെ ഹൈജാക്ക് ചെയ്യുന്നതിനെതിരെയുള്ള ഉപദേശങ്ങളും അവര്‍ ഉദാരമായി ചെയ്തുകൊണ്ടിരുന്നു. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വാചാലരായി.

ഇക്കാലത്ത് തന്നെയാണ് കാന്തപുരം ഉസ്താദിന്റെ ഇന്റര്‍വ്യൂ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്നത്. അടുത്ത ദിവസം ജമാഅത്തെ ഇസ്ലാമിക്കാരുടെ വിദ്യാര്‍ഥി സംഘടനാ ഓഫീല്‍ നിന്ന് ഒരു കത്ത് രിസാല ഓഫീസില്‍ വന്നു. നമ്മളൊന്നും മതേതര മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ എഴുതരുത്, അഭിമുഖം നല്‍കരുത്, അവരൊന്നും നമ്മളെ നന്നാക്കാന്‍ വേണ്ടിയല്ല നമ്മോട് ലേഖനങ്ങള്‍ ചോദിക്കുന്നത്, സഹകരിക്കരുത്. ഓലൊക്കെ വേറെ ലക്ഷ്യമുള്ള ആളുകളാണ്. നമ്മളെ പ്രസിദ്ധീകരണങ്ങളില്‍ നമ്മക്ക് വിശ്വാസമില്ലാത്തവരെ എഴുതിക്കാന്‍ പാടില്ല എന്നൊക്കെ നസ്വീഹത്തുകള്‍. കുറച്ച് കഴിഞ്ഞ് ഈ കത്തിനെപ്പറ്റി ഒരു ലേഖനം രിസാലയില്‍ തന്നെ വന്നു എന്നാണോര്‍മ. അതോടെ എഡിറ്റര്‍ക്ക് ലോഹ്യം പറഞ്ഞുള്ള വിളി. സുബ്ഹി നിസ്‌കരിക്കാത്തവരെക്കൊണ്ട് എഴുതിക്കരുത്, സുബ്ഹി ഇല്ലാത്തവരുടെ മാഗസിനുകളില്‍ എഴുതരുത്…

ജമഅത്തെ ഇസ്ലാമിക്കാര്‍ അകത്ത് ചെയ്യുന്നതും പുറത്ത് പറയാത്തതുമായ ഇങ്ങനെ എത്രയെത്ര കഥകള്‍. ജമാഅത്ത് പ്രസിദ്ധീകരണങ്ങളിലെ ഇസ്ലാമോഫോബിക് വര്‍ത്തകള്‍ വരുന്നതിനെപ്പറ്റി, അവിടെ നമ്മുടെ ആളുകള്‍ മാത്രമല്ലല്ലോ, അമുസ്ലിംകളും ഉണ്ടല്ലോ എന്ന് മുഖ്യനടത്തിപ്പുകാരന്‍ പറഞ്ഞത് ഈയടുത്താണ്.

ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ മുസ്ലിം സംഘടനകളെ പ്രതി നടത്തിക്കൊണ്ടിരിക്കുന്ന സംഗതികളാണ് ഇതൊക്കെ ഓര്‍ക്കാന്‍ കാരണം. മുസ്ലിം സംഘടനാ നേതാക്കള്‍ക്കും താക്കോല്‍ സ്ഥാനത്തിരിക്കുന്നവള്‍ക്കും മുസ്ലിം മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉമ്മത്തീ(സമുദായ) താത്പര്യം ട്യൂഷനെടുക്കാന്‍ മാത്രമായി ഒരാള്‍ ജമാഅത്തെ ഇസ്ലാമിയുടെ ചാനലില്‍ ശമ്പളം പറ്റുന്നുണ്ടെന്നത് ഇന്ന് നാട്ടില്‍ പാട്ടാണ്.

ഇതോടൊപ്പം തന്നെ, മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകരെയോ അനുഭാവികളെയോ സ്വന്തം മാധ്യമസ്ഥാപനങ്ങളില്‍ ജോലി നല്‍കുക, അവരുടെ പഴയ സൗഹൃദങ്ങളുപയോഗിച്ച് ജമാഅത്തെ ഇസ്ലാമി താത്പര്യം സംഘടനകളുടെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുക, അങ്ങനെ നടക്കുന്നില്ലെങ്കില്‍, ജമാഅത്തെ ഇസ്ലാമി താത്പര്യമനുസരിച്ച് സംഘടനകളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുക, ഇതൊക്കെയാണ് വിശാലമായ സാമുദായിക താത്പര്യാര്‍ഥം ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പോരാളികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Latest