Kerala
വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

റാന്നി |പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് കാണാതായ ഐ ടി ഐ വിദ്യാര്‍ഥിയായ യുവാവിന്റെ മൃതദേഹം മൂന്നാം ദിനം കണ്ടെടുത്തു. പൊന്‍കുന്നം ചിറക്കടവ് തുറുവാതുക്കല്‍ വീട്ടില്‍ എബി സാജന്റെ (22) മൃതദേഹമാണ് ഈരാറ്റുപേട്ടയില്‍ നിന്നുമെത്തിയ നന്മക്കൂട്ടം അംഗങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞ 19ന് വൈകിട്ട് ആറിന് കുടുംബാഗങ്ങളുമൊത്ത് വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു സംഭവം.
അഗ്നിശമന സേനയുടെ റാന്നി യൂണിറ്റും,കോട്ടയത്തുനിന്നുള്ള സ്‌കൂബാഡൈയിങ്ങ് വിഭാഗവും, എന്‍ ഡി ആര്‍ എഫും, ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ നന്മക്കൂട്ടം അംഗങ്ങളും രണ്ട് ദിവസമായി ക്യാമ്പ് ചെയ്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.ചിറക്കടവ് സ്വദേശിയായ എബിന്‍ ഇടത്തിക്കാവിലെ വടക്കേമുറിയില്‍ ബാബുവിന്റെ വീട്ടിലെത്തിയതായിരുന്നു. കുടുംബത്തോടൊപ്പം പെരുന്തേനരുവി വെള്ളച്ചാട്ടവും തടയണയും കാണാന്‍ വന്ന ആറുപേരടങ്ങുന്ന സംഘത്തില്‍പ്പെട്ട എബി ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.വീണ സ്ഥലത്തു നിന്നു തന്നെയാണ് മൃതദേഹം കണ്ടെടുത്തതും.പാറയിടുക്കില്‍ അകപ്പെട്ടതാണെന്നാണ് വിലയിരുത്തല്‍.ശക്തമായ ഒഴുക്കും തണുപ്പും കാരണം നദിയില്‍ മുങ്ങുവാന്‍ കഴിയാതെ പ്രതിസന്ധിയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍.
നന്മക്കൂട്ടം അംഗങ്ങളായ കെ കെ പി അഷ്റഫ് കുട്ടി, എം എന്‍ മുഹമ്മദ് റാഫി എന്നിവരാണ് സാജന്റെ മൃതദേഹം കണ്ടെത്തിയത്. പെരുനാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സാജനാണ് എബിന്റെ പിതാവ്. ദിലിയാണ് മാതാവ്.