Connect with us

Kerala

75കാരനെ ക്രൂരമായി മര്‍ദിച്ച മകനും മരുമകളും അറസ്റ്റിൽ

Published

|

Last Updated

പത്തനംതിട്ട | വലഞ്ചുഴിയില്‍ 75 വയസുള്ള പിതാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മകനെയും മരുമകളെയും പോലീസ് അറസ്റ്റ് ചെയ്തു. വയോധികനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസികള്‍ ചിത്രീകരിച്ച്‌ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദിനെയാണ് മകന്‍ ഷാനവാസ്, മരുമകള്‍ ഷീജ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്. വെളളിയാഴ്ച രാവിലെ എട്ടു മണിയോടെ ആരംഭിച്ച മര്‍ദനം അരമണിക്കൂര്‍ നീണ്ടു.

കുറുവടി ഉപയോഗിച്ച്‌ റഷീദിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് ക്രൂരമര്‍ദനം അഴിച്ചു വിട്ടത്. ഷീജ പിടിച്ചു നിര്‍ത്തുന്നതും ഷാനവാസ് ക്രൂരമായി പിതാവിനെ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടു.

റഷീദിനും ഭാര്യ ഫാത്തിമയ്ക്കും മൂന്നു മക്കളാണുള്ളത്. മൂത്തമകന്‍ സുധീര്‍ മലപ്പുറത്തും ഏറ്റവും ഇളയ മകള്‍ ഷീജ അടൂരിലുമാണുള്ളത്. രണ്ടാമത്തെ മകനാണ് ഷാനവാസ്. റഷീദിന്റെ വൃദ്ധമാതാവിന്റെ പേരിലുളള സ്ഥലം ഷാനവാസും ഷീജയും ചേര്‍ന്ന് തന്ത്രപൂര്‍വം കൈക്കലാക്കുകയായിരുന്നു. 85 വയസുണ്ടായിരുന്ന വൃദ്ധയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് അഭിഭാഷകന്റെ അടുത്ത് എത്തിച്ച്‌ സ്വത്തുവകകള്‍ ഷാനവാസിന്റെ പേരിലാക്കി മാറ്റുകയായിരുന്നു.

വൃദ്ധ മരിക്കുന്നതു വരെ ഇവര്‍ ഈ വിവരം പുറത്തു വിട്ടില്ല. ഏതെങ്കിലും കാരണവശാല്‍ പിതാവ് അറിഞ്ഞാല്‍ സ്വത്ത് തിരികെ നല്‍കേണ്ടി വരുമെന്നായിരുന്നു ഇത്. വൃദ്ധ മരിച്ച്‌ ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ സ്വത്തുക്കള്‍ തന്റെ പേരിലാക്കാന്‍ റഷീദ് വില്ലേജ് ഓഫീസില്‍ ചെന്നപ്പോഴാണ് അത് മകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി വാങ്ങിയതെന്ന് അറിയുന്നത്.

---- facebook comment plugin here -----

Latest