Kerala
കേന്ദ്ര മന്ത്രി വി മുരളീധരന് കേരളത്തില്‍ നല്‍കിയിരുന്ന പൈലറ്റ് സുരക്ഷ പുനസ്ഥാപിച്ചു

തിരുവനന്തപുരം | കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് കേരളത്തില്‍ നല്‍കിയിരുന്ന പൈലറ്റ് സുരക്ഷ പുനസ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ പൈലറ്റ് സുരക്ഷ പിന്‍വലിച്ചെന്ന് പരാതിയുണ്ടായിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ മുരളീധരന്‍ കഴിഞ്ഞ ദിവസം വാഹനത്തില്‍ നിന്ന് ഇറക്കിവിടുന്ന സ്ഥിതിയുണ്ടായി. സര്‍ക്കാരിന്റെ സുരക്ഷ കണ്ടല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞായിരുന്നു ഇറക്കിവിടല്‍.
ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരത്തെത്തിയ മന്ത്രിക്ക് വിമാനത്താവളം മുതല്‍ പോലീസിന്റെ പതിവുള്ള പൈലറ്റ് സുരക്ഷ ഉണ്ടായിരുന്നില്ല.
പൈലറ്റ് സുരക്ഷ ഒഴിവാക്കിയതിന്റെ കാരണം പോലീസ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് മന്ത്രിയുടെ ഓഫീസ് പറഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്, മന്ത്രിയെ അനുഗമിച്ചിരുന്ന ഗണ്‍മാന്‍ ബിജുവിനെ ബേക്കറി ജംഗ്ഷനില്‍ പേഴ്‌സണല്‍ സ്റ്റാഫ് ഇറക്കിവിടുകയായിരുന്നു.