Connect with us

Articles

കോടതികൾ ബാധ്യത നിറവേറ്റുമോ?

Published

|

Last Updated

ഭരണാധികാരികളുടെ തെറ്റായ നടപടികൾക്കെതിരായി പ്രതിഷേധിക്കാനും പ്രകടനം നടത്താനുമുള്ള പൗരന്റെ അവകാശം ഒരിക്കലും ഭീകരവാദമോ രാജ്യദ്രോഹമോ അല്ലെന്ന് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി പ്രഖ്യാപിക്കുകയുണ്ടായി. എതിർ ശബ്ദങ്ങളെ അടിച്ചമർത്താൻ ഭരണകൂടം കാണിക്കുന്ന വ്യഗ്രത, ഭരണഘടന ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരപ്രവർത്തനവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഈ ചിന്താഗതിക്കാണ് സ്വീകാര്യത ലഭിക്കുന്നതെങ്കിൽ അത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുന്നതിന് ഇടയാക്കിയേക്കുമെന്ന് കോടതി നിരീക്ഷിച്ചു. നമ്മുടെ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട അതിന്റെ മൂന്നാം ഭാഗം മൗലിക അവകാശങ്ങളെ സംബന്ധിച്ചുള്ളതാണ്. 24 വകുപ്പുകളാണ് ഇതിലുള്ളത്. ഇത്രയും വിശദമായ രൂപത്തിൽ ഈ അവകാശങ്ങളെ രേഖപ്പെടുത്താൻ മറ്റൊരു ഭരണഘടനയും തയ്യാറായിട്ടില്ല.

ഒരു ജനാധിപത്യ സമൂഹത്തിൽ പൗരന്മാർ പൊതുവേ സ്വാതന്ത്ര്യം എത്രത്തോളം അനുഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഒരു ജനാധിപത്യ സമൂഹത്തിന്റെ യഥാർഥ വിജയമെന്നതിൽ സംശയമേയില്ല. ഇന്ത്യയിൽ മൗലികാവകാശങ്ങൾക്ക് പല നിയന്ത്രണങ്ങളും ഇതിനകം നിലവിൽ വന്നിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ അപ്പാടെ തടഞ്ഞുനിർത്തുന്ന ഒന്നാണ് ഇന്ത്യൻ പീനൽ കോഡിലെ രാജ്യദ്രോഹത്തെ സംബന്ധിച്ചുള്ള 124 (എ) വകുപ്പ്. കൊളോണിയൽ ഭരണകാലത്ത് ഉണ്ടാക്കപ്പെട്ടതും കാലഹരണപ്പെട്ടതുമായ ഇന്ത്യൻ പീനൽ കോഡിലെ 124(എ) ഉപയോഗിച്ച് കൊണ്ട് ഇപ്പോഴും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ രാജ്യത്തെ ജനങ്ങളുടെയും പത്രമാധ്യമങ്ങളുടെയും വായ് മൂടിക്കെട്ടാനും യാതൊരു നീതികരണവുമില്ലാതെ കേസ് ചാർജ് ചെയ്ത് ജയിലിലടക്കാനും വ്യാപകമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഒന്നര നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ളതും ബ്രിട്ടീഷ് ഭരണകാലത്ത് നിലവിൽ വന്നതുമായ ഇന്ത്യൻ പീനൽകോഡിൽ ആവശ്യമായ മാറ്റം വരുത്താൻ രണ്ട് വർഷങ്ങൾക്ക് മുമ്പ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശാനുസരണം ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള നടപടികൾ തുടങ്ങിയതുമാണ്. ഐ പി സി പരിഷ്‌കരണത്തെ സംബന്ധിച്ചുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും രാജ്യത്തെ പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ഇതിനുവേണ്ടി രൂപവത്കരിക്കപ്പെട്ട സമിതി ക്ഷണിക്കുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ ഇതുസംബന്ധിച്ച് യാതൊരു തീരുമാനവും നാളിതുവരെ ഉണ്ടായിട്ടില്ല.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാഷ്ട്രീയ എതിരാളികളെ ജാമ്യമില്ലാതെ കൽത്തുറുങ്കിലടക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ ഒന്നാമത്തെ കരിനിയമമായിരുന്നു 1950ലെ കരുതൽ തടങ്കൽ നിയമം. കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനും മദ്രാസ് സ്റ്റേറ്റും തമ്മിലുള്ള ഇതുസംബന്ധിച്ച കേസ് സുപ്രീം കോടതി വിശദമായി പരിശോധിച്ചതാണ്. ജനകീയ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ കരിനിയമങ്ങളോരോന്നായി രാജ്യത്ത് പാസ്സാക്കിയെടുക്കപ്പെട്ടിട്ടുണ്ട്. 1971ലാണ് മിസ പാസ്സാക്കിയെടുത്തത്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് ഓരോ സംസ്ഥാനത്തും നൂറുകണക്കിന് രാഷ്ട്രീയ പ്രവർത്തകരെ മിസ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. 1980ൽ ദേശീയ സുരക്ഷാ നിയമം (നാഷനൽ സെക്യൂരിറ്റി ആക്ട്) പാസ്സാക്കി. ഈ നിയമം ഉപയോഗിച്ച്, സർക്കാറിനെ വിമർശിക്കുന്നവരെ ഇപ്പോഴും അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. പോട്ട നിയമം 2002ൽ പാസ്സാക്കി. ഈ നിലയിൽ ഏറ്റവും അവസാനം പാസ്സാക്കപ്പെട്ട കരിനിയമങ്ങളിൽ പ്രധാനപ്പെട്ടതാണ് യു എ പി എ. ആദ്യം പാസ്സാക്കിയ യു എ പി എ നിയമം മോദി സർക്കാർ ഭേദഗതി ചെയ്ത് കടുത്ത ജനവിരുദ്ധമാക്കുകയാണുണ്ടായത്. ഈ വകുപ്പ് ഉപയോഗിച്ച് ആരെയും പോലീസിന് അറസ്റ്റ് ചെയ്ത് ഭീകരവാദിയെന്ന നിലയിൽ ജാമ്യമില്ലാതെ ജയിലിലടക്കാൻ കഴിയും. ഇതാണിപ്പോൾ രാജ്യത്തെ കോളജ് അധ്യാപകർ മുതൽ സാംസ്‌കാരിക പ്രവർത്തകർ, പത്രപ്രവർത്തകർ, പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകർ, സർവകലാശാല വിദ്യാർഥികൾ തുടങ്ങി എല്ലാ മേഖലയിലുമുള്ള ആക്ടിവിസ്റ്റുകളെ ഒതുക്കാൻ ഭരണകൂടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
ഡൽഹി കലാപത്തിന്റെ ഗൂഢാലോചന ആരോപിച്ച് യു എ പി എ ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത വനിതാ അവകാശ ഗ്രൂപ്പായ പിഞ്ച്‌റാതോഡ് പ്രവർത്തകരും ജെ എൻ യു വിദ്യാർഥിനികളുമായ ദേവാംഗന കലിത, നടാഷാ നർവാൾ, ജാമിഅ വിദ്യാർഥി അസീഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഐതിഹാസികമായ നിരീക്ഷണം ഉണ്ടായിരിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം ഒരിക്കലും നിയമലംഘനമല്ലെന്നും അതിന്റെ പേരിൽ തീവ്രവാദ കുറ്റം ചുമത്താനാകില്ലെന്നും ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, എ ജെ ഡംബാനി എന്നിവരടങ്ങിയ ബഞ്ചാണ് വ്യക്തമാക്കിയിരിക്കുന്നത്. കോടതി മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിക്കുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ലാഘവത്തോടെ ഭീകരവിരുദ്ധ നിയമം ചുമത്തിയ പോലീസിനെ കോടതി കുടഞ്ഞു. തലസ്ഥാനത്തെ ഒരു സർവകലാശാല വളപ്പിൽ നിന്ന് ഒരുപറ്റം വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തിയാൽ ഉലഞ്ഞുപോകുന്നതല്ല ഇന്ത്യാ മഹാരാജ്യത്തിന്റെ അടിത്തറയെന്ന് കോടതി പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം പവിത്രമാണ്. ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം സമാധാനപരവും അക്രമരഹിതവും ആയിരിക്കണമെന്നാണ് പ്രതീക്ഷ. എങ്കിലും പ്രതിഷേധങ്ങൾ ചിലപ്പോൾ നിയമം അനുവദിക്കുന്ന പരിധി ലംഘിക്കാറുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന പരിധികൾ ലംഘിച്ചാൽ പോലും അത് യു എ പി എ നിയമം നിർവചിക്കുന്ന ഭീകരപ്രവർത്തനത്തിന്റേയോ ഗൂഢാലോചനയുടേയോ പരിധിയിൽ വരില്ല. തീവ്രവാദക്കുറ്റം ആരോപിക്കാവുന്ന ഒന്നും ഇവർക്കെതിരെയുള്ള കുറ്റപത്രത്തിൽ കാണുന്നില്ല. ഈ പ്രതികൾക്കെതിരെയുള്ള കുറ്റം ജനങ്ങളെ സംഘടിപ്പിച്ച് റോഡ് ഉപരോധിച്ചു എന്നതാണ്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഒരിക്കലും നിയമലംഘനമോ നിരോധിക്കപ്പെട്ടവയോ അല്ലെന്നും കോടതി അടിവരയിട്ടുപറഞ്ഞു. ഭീകരപ്രവർത്തനം, ഫണ്ട് സ്വരൂപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ ആരോപണങ്ങളൊന്നും കുറ്റപത്രത്തിലില്ല. ആയുധങ്ങളൊന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും കോടതി പറഞ്ഞു. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സർക്കാറിനെതിരായി പ്രചാരണം നടത്തിയതിന്റെ പേരിൽ യു എ പി എ പോലുള്ള ഏറ്റവും കടുത്ത നിയമം എങ്ങനെ പോലീസിന് പ്രയോഗിക്കാൻ കഴിയുമെന്ന് കോടതി ചോദിക്കുകയും ചെയ്തു.

വിദ്യാർഥികളെ മോചിപ്പിക്കാനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരായി ഹീനമായ കരുനീക്കങ്ങളാണ് ഡൽഹി പോലീസ് നടത്തിയത്. ജാമ്യ ഉത്തരവിനെതിരായി സുപ്രീം കോടതിയിൽ അപ്പീൽ നൽകാനും, ജാമ്യം നൽകാതിരിക്കാനുമുള്ള തന്ത്രങ്ങളാണ് പോലീസ് സ്വീകരിച്ചത്. എന്തായാലും ജാമ്യം അനുവദിക്കുന്നത് നീട്ടുന്നതിനെതിരെ വിദ്യാർഥികൾ കോടതിയെ സമീപിക്കുകയും ജാമ്യം നൽകാനുള്ള ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. വിദ്യാർഥികൾ പുറത്തിറങ്ങിയിരിക്കുന്നു. അതിനു പിറകേ, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സുപ്രീം കോടതിയിൽ പോയെങ്കിലും അതും പരാജയപ്പെട്ടിരിക്കുന്നു.

പക്ഷേ ഇവിടെ സുപ്രീം കോടതി എടുത്ത ഒരു പ്രതിലോമ സമീപനം കാണാതിരിക്കാനാകില്ല. വിദ്യാർഥികളുടെ ജാമ്യ അപേക്ഷയിൽ യു എ പി എ നിയമത്തിന്റെ സാധുത പരിശോധിച്ച ഡൽഹി ഹൈക്കോടതി നടപടിയിൽ സുപ്രീം കോടതി അത്ഭുതവും അതൃപ്തിയും രേഖപ്പെടുത്തിയെന്നതാണ് അത്. രാജ്യമെമ്പാടുമുള്ള യു എ പി എ കേസുകളെ ഈ ഉത്തരവ് സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ട പരമോന്നത കോടതി അപ്പീലുകളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ മറ്റു കേസുകൾക്ക് ഈ ഉത്തരവ് ബാധകമാക്കരുതെന്ന് നിർദേശവും നൽകി. ഹൈക്കോടതി പരാമർശം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. എന്നുവെച്ചാൽ യു എ പി എ കാര്യത്തിൽ സുപ്രീം കോടതിക്ക് ഉറച്ച നിലപാടില്ലെന്ന് തന്നെയാണ്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഡസൻ കണക്കിന് മാധ്യമ പ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും വിദ്യാർഥികളുമെല്ലാം ഭീകരവാദക്കുറ്റവും രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ട് ഇപ്പോഴും തടവിൽ കഴിയുകയാണ്. ഇവർക്കെല്ലാം ഈ വിധി വലിയ ഗുണം ചെയ്യുമെന്നുള്ള കാര്യത്തിൽ തർക്കമില്ല. ഡൽഹി ഹൈക്കോടതിയുടെ ഈ വിധിയും നിരീക്ഷണവുമെല്ലാം ഭാവിയിലെങ്കിലും നമ്മുടെ രാജ്യത്തെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായകരമായേക്കും. ഭരണഘടനയെയും നിയമവാഴ്ചയെയും സംരക്ഷിക്കാനും നിലനിർത്താനുമുള്ള ബാധ്യത മറ്റാരേക്കാളും കൂടുതലുള്ളത് ജുഡീഷ്യറിക്ക് തന്നെയാണ്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest