Kerala
കോളജ് കാലത്തെ 'ഉന്തീ തള്ളീ' ചര്‍ച്ചയുടെ സമയമല്ല ഇത്; വിവാദം ഇവിടെ അവസാനിപ്പിക്കാം: വി ഡി സതീശന്‍

തിരുവനന്തപുരം | ബ്രണ്ണന്‍ കോളജിലെ പഠനകാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ ഓര്‍ത്തെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും നടത്തുന്ന വാക്‌പോര് നിര്‍ത്താന്‍ സമയമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 57 കൊല്ലം മുന്‍പ് കോളജ് പഠനകാലത്ത് ഉന്തീ തള്ളീയെന്നും പറഞ്ഞ് അത് ചര്‍ച്ചയാക്കേണ്ട സമയമല്ല ഇത്. സംഘര്‍ഷമുള്ള ക്യാമ്പസില്‍ പഠിക്കുമ്പോള്‍ ഇതൊക്കെ ഉണ്ടാകും. അതിനാല്‍ ഈ വിവാദം ഇവിടെ അവസാനിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കോവിഡ് കാര്യങ്ങള്‍ പറയാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്തതായും വിഡി സതീശന്‍ ആരോപിച്ചു. മഹാമാരിയുടെ സാഹചര്യത്തില്‍ ആളുകള്‍ അതിനെ കുറിച്ചറിയാനാണ് പത്രസമ്മേളനം കേള്‍ക്കുന്നത്. ലേഖനം വന്ന ആഴ്ചപ്പതിപ്പില്‍ ഒരു കുറിപ്പ് കൊടുക്കേണ്ടതിന് പകരം നാല്പത് മിനിറ്റെടുത്ത് ചരിത്രം പറയുകയാണ് മുഖ്യമന്ത്രി െചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വനംകൊള്ളയില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടക്കുന്നത്. ഇരുന്ന കസേരയുടെ വില പിണറായിക്ക് അറിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.