Connect with us

Articles

ആത്മാവിന്റെ ദർപ്പണങ്ങൾ

Published

|

Last Updated

ആത്മാവിന്റെ ദര്‍പ്പണങ്ങളാണു പുസ്തകങ്ങള്‍ എന്നെഴുതിയത് വിര്‍ജീനിയ വോള്‍ഫ് ആണു. ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്തുപ്രയോജനം എന്ന വാക്യം ഉള്‍ക്കൊള്ളുന്ന വേദഗ്രന്ഥമാണ് ലോകത്തിലെ ഏറ്റവുമേറെ വിറ്റഴിക്കപ്പെട്ടതും വായിക്കപ്പെട്ടതും ആയ പുസ്തകം. നാഥന്റെ നാമത്തില്‍ വായിക്കുക എന്ന് മറ്റൊരു വേദഗ്രന്ഥത്തിന്റെ ആദ്യവാചകം ആഹ്വാനം ചെയ്യുമ്പോള്‍ അജ്ഞതയുടെ തമസ്സില്‍ നിന്നും ജ്ഞേയതയുടെ മഹാജ്യോതിസ്സിലേക്ക് നയിക്കണമേയെന്ന് ഭാരതീയ വേദദര്‍ശനങ്ങള്‍ അതേ നാഥനോട്, ജഗദീശ്വരനോട്, പ്രാര്‍ത്ഥനാനിര്‍ഭരമാകുന്നു.

തിരിച്ചറിവിന്റെ, സ്വയംനവീകരണത്തിന്റെ, ഏറ്റവും അഗാധവും ആന്തരികവുമായ ഉപാധിയാണ് വായന എന്നര്‍ത്ഥം. ആത്മാവിനോളം ആഴത്തില്‍ മനുഷ്യന് ഒരു ഉണ്മയും അവശേഷിക്കുന്നില്ലല്ലോ. സ്വച്ഛസുന്ദരമായ കാട്ടു പൊയ്കയിലെ തണുത്ത ജലം എന്നപോലെ ആത്മാവിന്റെ സമസ്ത സന്ദര്‍ഭങ്ങളെയും
പ്രതിബിംബനം ചെയ്യുകയും കൂടുതല്‍ പ്രഫുല്ല തലങ്ങളിലേക്ക് പുതുക്കി പണിയുവാന്‍ ആത്മാവിനെ സജ്ജമാക്കുകയും ചെയ്യുന്നു മഹിത ഗ്രന്ഥങ്ങള്‍, അതിന്റെ പാരായണങ്ങള്‍.

അനന്തമായ പ്രാര്‍ത്ഥനയാകുന്ന ജീവിതം എന്ന് മലയാളിയുടെ പ്രിയങ്കരനായ വിനീത ചരിത്രകാരന്‍ എന്നോ മൊഴിഞ്ഞു വെച്ചിട്ടുണ്ട്. അനന്തമായ വായന കൂടിയാണ് ജീവിതമെന്ന് ആ ദര്‍ശനത്തോട് ചേര്‍ത്തു പറയാവുന്നതാണ്. അവനവനെ പേര്‍ത്തും പേര്‍ത്തും പാരായണം ചെയ്യുക എന്നതാണ് പ്രഥമമായ വായന. ആത്മ സാക്ഷാത്കാരത്തിന്റെ, പ്രപഞ്ച സാകല്യത്തിലേക്കുള്ള ദാര്‍ശനികമായ വിലയനത്തിന്റെ, ശ്രേഷ്ഠമായ വഴിയിലേക്കാണ് അത് വഴിയമ്പലവായനക്കാരനെ ആനയിക്കുക. കിളിമൊഴികളുടെ കിന്നരലിപികളെ, ശാദ്വലകേദാരങ്ങളെ, ഈ മഹാപ്രകൃതിയെ അപ്പാടെ തന്നെ, വായിച്ച് കൊണ്ടേയിരിക്കുക. ബ്രഹ്മത്തിന്റെ വിശുദ്ധനിഗൂഢതകളില്‍ പ്രേമപാരായണത്തിന്റെ കണ്ണ് ചെന്ന് തറക്കുവോളം വായിച്ചു കൊണ്ടേയിരിക്കുക. വായന, പ്രാര്‍ത്ഥനയായി മെറ്റമോര്‍ഫോസിസ് ചെയ്യപ്പെടുന്നതിന്റെ അവാച്യസൗന്ദര്യം അനുഭവിച്ചറിയുക. അതില്‍പരം ഈ നശ്വരജന്മത്തില്‍ എന്തു നേടുവാനാണു!

ഉത്കൃഷ്ടമായ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഈ വിശുദ്ധ യാത്രയിലെ ഏറ്റവും വലിയ ടാസ്‌ക്. പ്രത്യക്ഷത്തില്‍ ലളിതവും വാസ്തവത്തില്‍ അങ്ങേയറ്റം ആയാസപൂര്‍ണവുമായ കര്‍മ്മം ആണത്. പരസഹസ്രം പുഷ്പങ്ങള്‍ മണ്ണിലും വിണ്ണിലും പൂത്തുലഞ്ഞു നില്‍ക്കുമ്പോഴും സഹസ്രദളപത്മം വിശിഷ്ടതയുടെ ആരൂഢമായി മാറുന്നതില്‍ ഈ തെരഞ്ഞെടുപ്പിന്റെ സൂചകങ്ങള്‍ വായിച്ചെടുക്കാം. പ്രത്യക്ഷ ശോഭയ്ക്കും കോമളത്വത്തിനുമപ്പുറം വിടരുന്ന ഉദാത്തമാനങ്ങളുടെ ആയിരം ഇതളുകളുള്ള ഗ്രന്ഥങ്ങള്‍ക്കേ ഈ യാത്രയില്‍ യഥാര്‍ത്ഥ വഴിവിളക്കുകള്‍ ആയി തെളിഞ്ഞു നില്‍ക്കുവാന്‍ സാധിക്കുകയുള്ളൂ.

ഒരൊറ്റ പുസ്തകം പോലുമില്ലാത്ത വീട് ആത്മാവ് പറന്നകന്ന ദേഹം പോലെയാണ് എന്ന് മാര്‍ക്കസ് സിസറോ പ്രസ്താവിച്ചത് വെര്‍ജീനിയ വൂള്‍ഫ് ജനിക്കുന്നതിനും രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. നമ്മുടെ ഭവനങ്ങള്‍ മൃതികുടീരങ്ങള്‍ ആകാതിരിക്കട്ടെയെന്നും ആത്മാവിനെ ജ്ഞാനസ്‌നാനം ചെയ്യുന്ന ഉത്കൃഷ്ട ഗ്രന്ഥങ്ങളുടെ പാരായണം നമ്മുടെ ആയുസ്സിന് സുഗന്ധമേകട്ടെയെന്നും മാത്രമാണു ഈ വായനാദിനത്തിലെ പ്രാര്‍ത്ഥന.

Latest