Connect with us

National

ഡല്‍ഹി കലാപം: മൂന്ന് വിദ്യാര്‍ഥി നേതാക്കളും ജയില്‍ മോചിതരായി

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമ സംഭവങ്ങളില്‍ ഗൂഢാലോചന കുറ്റം ചുമത്തി തടവിലാക്കിയ വിദ്യാര്‍ഥി നേതാക്കള്‍ മോചിതരായി. നതാഷ നര്‍വാള്‍, ദേവങ്കണ കലിത, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവരാണ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. വിദ്യാര്‍ഥികളെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി.

“ഇത് സര്‍ക്കാരിന്റെ നിരാശയാണ് കാണിക്കുന്നത് … ഞങ്ങള്‍ അവരെ ഭയപ്പെടാത്ത സ്ത്രീകളാണ്,” ജയില്‍ കവാടങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കലിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും വലിയ പിന്തുണ ലഭിച്ചതിനാലാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. എല്ലാവരോടും നന്ദി പറയുന്നുവെന്നും കലിത വ്യക്തമാക്കി.

കേസ് ഇപ്പോഴും കോടതിയില്‍ നില്‍ക്കുന്നതിനാല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നര്‍വാള്‍ പറഞ്ഞു. “എന്നിരുന്നാലും, ഞങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് ഡല്‍ഹി ഹൈക്കോടതിക്ക് നന്ദി പറയുന്നു. അത്തരം പ്രതിഷേധം തീവ്രവാദമല്ല. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ജനാധിപത്യ പ്രതിഷേധമായിരുന്നു അതെന്നും നര്‍വാള്‍ പറഞ്ഞു.

അവര്‍ക്ക് ഞങ്ങളെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്താന്‍ കഴിയില്ല. അവര്‍ ഞങ്ങളെ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാല്‍, അത് ഞങ്ങളുടെ പോരാട്ടം തുടരാനുള്ള നമ്മുടെ ദൃഢ നിശ്ചയത്തെ ശക്തിപ്പെടുത്തുമെന്നും നര്‍വാള്‍ വ്യക്തമാക്കി. നര്‍വാളിന്റെ പിതാവ് കൊവിഡ് ബാധിച്ച് അടുത്തിടെയാണ് മരിച്ചത്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ മകളെ അഭിവാദ്യം ചെയ്യാന്‍ എത്തുമായിരന്നുവെന്ന് നര്‍വാളിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പ്രകാരം കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് വിദ്യാര്‍ഥികളായ നര്‍വാള്‍, കലിത, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി രണ്ട് ദിവസം മുമ്പാണ് ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് മോചനം വെെകിയതോടെ വിദ്യാർഥികൾ വീണ്ടും കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച വിചാരണ കോടതി  വിദ്യാര്‍ഥികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

മൂന്ന് വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിക്കാനുള്ള ഡല്‍ഹി ഹൈക്കോടതി തീരുമാനത്തിനെതിരെ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.

Latest