National
വാക്‌സിന്‍ ഡോസുകളുടെ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി | കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിക്കാനുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. വിദഗ്ധ സമതിയുടേയും സര്‍ക്കാറിന്റേയും ഏകകണ്ഠവും സുതാര്യവുമായ തീരുമാനമാണ് നടപ്പാക്കിയതെന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. ഡോസുകളുടെ ഇടവേള വര്‍ധിപ്പിച്ചത് വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇത്തരം വിവരങ്ങളെ അപഗ്രഥിക്കാന്‍ ഇന്ത്യക്ക് സുശക്തമായ സംവിധാനമുണ്ട്. ഈ വിഷയം രാഷ്ട്രീയവത്കരിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. വാക്സിന്‍ ഡോസ് ഇടവേള വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നാഷണല്‍ ടെക്നിക്കല്‍ അഡ്വസൈറിഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എന്‍കെ അറോറയുടെ ശിപാര്‍ശയുടെ പകര്‍പ്പും ട്വീറ്റിനൊപ്പം ഹര്‍ഷ വര്‍ധന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായിരിക്കുമ്പോള്‍ വാക്സിന്‍ ഫലപ്രാപ്തി 65 ശതമാനം ആണെങ്കില്‍ ഇടവേള 12 ആഴ്ചയായി വര്‍ധിപ്പിക്കുമ്പോള്‍ ഫലപ്രാപ്തി 88 ശതമാനമാണെന്ന് യു.കെ. ഹെല്‍ത്ത് റെഗുലേറ്ററുടെ റിപ്പോര്‍ട്ടാണ് എന്‍ കെ അറോറ സര്‍ക്കാരിന് കൈമാറിയത്.
കോവിഷീല്‍ഡ് വാക്സിന്‍ ഡോസ് 12 മുതല്‍ 18 ആഴ്ചയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മെയ് 13നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതേ സമയം ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വാക്സിന്‍ വിദഗ്ധ സമിതി അഭിപ്രായപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഇടവേള വര്‍ധിപ്പിക്കുന്നത് വാക്സിന്‍ ഫലപ്രാപ്തി കൂട്ടുമെന്നാണ് ആദ്യഘട്ടത്തില്‍ വന്ന പഠനങ്ങളെങ്കിലും പിന്നീട്ഇത് തിരുത്തിക്കൊണ്ടുള്ള പഠനങ്ങളും പുറത്തുവന്നിരുന്നു.