Connect with us

National

ട്വിറ്ററിന് ഇനി ഇന്ത്യയില്‍ നിയമപരിരക്ഷയില്ല

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. പുതിയ ഐ ടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അധിക സമയം നല്‍കിയിട്ടും പുതിയ ഐടി ചട്ടങ്ങളിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനിക്കായില്ല. നിയമ പരിരക്ഷ നഷ്ടപ്പെടുമെന്ന് കാണിച്ച് ജൂണ്‍ അഞ്ചിന് ഒരു അവസാന അറിയിപ്പ് സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിരുന്നു. എന്നാല്‍ പത്തുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍ നിന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലുളള നടപടിയാണ് ഉണ്ടായതെന്നും ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയം പറഞ്ഞു.

നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഇന്ത്യന്‍ മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനും കഴിയും.
ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം പെട്ടന്ന് നടപടികളിലേക്ക് കടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധന് നേരെ ആറുപേര്‍ അതിക്രമം നടത്തിയ സംഭവത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കം ട്വിറ്ററില്‍ പ്രചരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യു പിയില്‍ കേസ് ഫയല്‍ ചെയ്തത്.

ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാര്‍ത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു. ജൂണ്‍ 14-ന് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും സംഭവുമായി ബന്ധപ്പെട്ടുളള തെറ്റിദ്ധാരണജനകമായ പോസ്റ്റുകള്‍ പിന്‍വലിക്കുന്നതിനുളള നടപടികള്‍ ട്വിറ്റര്‍ സ്വീകരിച്ചില്ലെന്നും പോലീസ് പറഞ്ഞു.

 

Latest